
ലാഹോർ: പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള സംവാദങ്ങൾ രാജ്യത്താകമാനം നടക്കവേ, മുൻ പാകിസ്ഥാനി ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി പണ്ട് നടത്തിയ ഒരു പരാമർശം വിവാദത്തിലേക്ക്. ഇന്ത്യൻ ഹിന്ദി സീരിയലിലെ രംഗം അനുകരിച്ചുകൊണ്ട് തന്റെ മകൾ 'ആരതി'യുഴിഞ്ഞത് കാരണം താൻ ടി.വി തല്ലിപൊളിച്ചുവെന്ന് അഫ്രീദി ഒരു അഭിമുഖത്തിൽ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വിവാദമാകുന്നത്. ഏറെക്കാലം മുൻപ് പുറത്തിറങ്ങിയ അഭിമുഖം ഉൾകൊള്ളുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാകിസ്ഥാനിലെ 'മതേതരത്വത്തി'ന്റെ യഥാർത്ഥ അവസ്ഥ ഇങ്ങനെയാണെന്നും അത് കണ്ട് ആൾക്കാർ കൈയടിക്കുകയാണെന്നുമുള്ള അടിക്കുറിപ്പ് നൽകിയാണ് പലരും ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
This is reality of secularism in Pakistan, TVs are broken for showing Hindu rituals & people applaud it pic.twitter.com/PXKcs5wcyf
— Amit Kumar Sindhi 🇮🇳 (@AMIT_GUJJU) December 28, 2019
'ഞാൻ ഒരിക്കൽ ടി.വി തല്ലിപ്പൊളിച്ചിട്ടുണ്ട്. എന്റെ ഭാര്യ കാരണമാണ് അങ്ങനെ ചെയ്തത്. അക്കാലത്ത് സ്റ്റാർ പ്ലസ് ചാനലിൽ സീരിയലുകൾ വരുമായിരുന്നു. അതിന് ഏറെ പ്രചാരവും ഉണ്ടായിരുന്നു. ഞാൻ അക്കാലത്ത് ഭാര്യയോട് സ്ഥിരം പറയുമായിരുന്നു, ഇത്തരം സീരിയലുകൾ ഒറ്റയ്ക്കാണ് കാണേണ്ടതെന്നും, അതൊരിക്കലും കുട്ടികളെ കാണിക്കരുതെന്നും. എന്നാൽ ഒരിക്കൽ ഞാൻ റൂമിലേക്ക് വന്നപ്പോൾ സ്റ്റാർ പ്ലസിലെ ഒരു സീരിയൽ രംഗം കണ്ടുകൊണ്ട് എന്റെ കുട്ടികളിലൊരാൾ 'ആരതി'യുഴിയുന്നതാണ് ഞാൻ കണ്ടത്. ഞാൻ അവളെ നോക്കിക്കൊണ്ട് ടി.വി ചുവരിലടിച്ച് തകർത്തു.' ഒരിക്കലെങ്കിലും ഒരു ടി.വി തല്ലിപൊളിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോടാണ് അഫ്രീദി ഇങ്ങനെ പ്രതികരിച്ചത്.
തന്റെ സഹയാത്രികനായ ഡാനിഷ് കനേറിയ ഹിന്ദുവായത് കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്നും വിവേചനം നേരിട്ടിരുന്നു എന്ന മുൻ പാകിസ്ഥാനി ക്രിക്കറ്റർ ഷോയബ് അഖ്തറിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവും വിവാദത്തിലേക്ക് നീങ്ങുന്നത്.