''ശേഖരാ.... വന്നേ..."
ശ്രീനിവാസകിടാവ് അനുജനെ അല്പം അകലേക്കു നീക്കിനിർത്തി സ്വരം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.
'' ആ കല്ലറയ്ക്കുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ലാബ് പൊളിഞ്ഞുവീഴുന്ന നിമിഷത്തിൽ ത്തന്നെ അവനെ തീർക്കണം."
കിടാവ് പറഞ്ഞു.
ശേഖരൻ മൂളി.
''അവന്റെ തൊട്ടു പിറകിൽത്തന്നെ ഞാൻ നിന്നോളാം."
അവരെ ശ്രദ്ധിക്കാത്ത ഭാവത്തിലാണ് നിന്നതെങ്കിലും പരുന്ത് കാതുകൂർപ്പിച്ചു. എന്നാൽ അയാൾക്ക് ഒന്നും കേൾക്കുവാൻ കഴിഞ്ഞില്ല.
തന്നെക്കുറിച്ചാണ് അവരുടെ ചർച്ച എന്ന കാര്യത്തിൽ പരുന്തിന് ഉറപ്പുണ്ട്.
''ശേഖരാ... ഞാൻ മുറിയിലേക്ക് ഒന്നു ചെല്ലാം. നേരത്തെ എടുത്തതെല്ലാം കൂടി ഒന്നിച്ച് ഒരു ചാക്കിലോ മറ്റോ കെട്ടിവയ്ക്കാം."
അപ്പോൾ ശേഖരന് ഒരു സന്ദേഹം.
''ചേട്ടാ... പരുന്തിനെ ഇവിടെവച്ചു കൊന്നാൽ നമുക്ക് പുറത്തിറങ്ങാൻ കഴിയുമോ? തട്ടിൻപുറത്തുകൂടി ഇതെല്ലാം ചുമന്നുകൊണ്ട് അപ്പുറത്തിറങ്ങുക നടക്കുമോ? പരുന്താണെങ്കിൽ പുറത്തിറങ്ങിയിട്ട് പഴയതുപോലെ അടുക്കള വാതിൽ തുറന്നുതരും. അതിനുശേഷം അവനെ തീർത്താൽ പോരേ?"
ശ്രീനിവാസകിടാവ് ഒരു നിമിഷം ചിന്തിച്ചുനിന്നു.
ശേഖരൻ പറയുന്നതിൽ കാര്യമുണ്ട്. ഓടു പൊളിച്ച ഭാഗത്തുകൂടി പുറത്തു കടക്കുക എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. ഇത്രയും ഉയരമുള്ള കോവിലകത്തിന്റെ മേൽക്കൂര വഴി ഇറങ്ങിയാൽ മറിഞ്ഞുവീണ് കയ്യോ കാലോ നട്ടെല്ലോ ഒടിഞ്ഞാൽ അതോടെ തീർന്നു.
''എങ്കിൽ പിന്നെ അങ്ങനെ മതി. ഞാൻ എന്തായാലും മുറിയിലേക്കു ചെല്ലാം."
കിടാവ് പോയി.
ശേഖരൻ വീണ്ടും പരുന്ത് പണി ചെയ്യുന്നത് വന്നു നോക്കിനിന്നു.
''എന്തായിരുന്നു സാറമ്മാര് തമ്മിൽ ഒരു സ്വകാര്യം?" ഇടയ്ക്ക് അയാൾ തിരക്കി.
''നിന്നെക്കുറിച്ച് തന്നെയാ പറഞ്ഞത്. നീ പുറത്തിറങ്ങി അടുക്കള വാതിൽ തുറന്നു തരണം. അല്ലാതെ ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലല്ലോ."
''അത് നേരാ."
പരുന്ത് ഉള്ളിൽ ചിരിച്ചു.
നിന്നെയൊക്കെ ഞാൻ ഇറക്കിത്തരാം...
അല്പസമയം കഴിഞ്ഞു.
കല്ലറയുടെ സ്ളാബിന്റെ ഒരു ഭാഗത്തെ സിമന്റ്പരുന്ത് ഇളക്കി.
''ശേഖരാ..."
''പെട്ടെന്ന് നിലവറയുടെ വാതിൽക്കൽ നിന്ന് ശ്രീനിവാസകിടാവിന്റെ നിലവിളി കേട്ടു.
''എന്താ ചേട്ടാ?"
ചോദിച്ചുകൊണ്ട് ശേഖരൻ പിന്തിരിഞ്ഞോടി. പിന്നാലെ പരുന്തും.
ഇനി പ്രജീഷ്, കിടാവിനെ ആക്രമിച്ചോ? അതായിരുന്നു പരുന്തിന്റെ സംശയം.
ഇരുട്ടിൽ തപ്പിത്തടഞ്ഞ് ശേഖരൻ നിലവറയുടെ പടിക്കെട്ടുകൾ ഓടിക്കയറി.
പുറത്ത് നെഞ്ചും തടവി വിലപിച്ചുകൊണ്ട് കിടാവുണ്ടായിരുന്നു. ആ ഭാഗത്തെ ലൈറ്റ് അയാൾ തെളിച്ചിരുന്നു.
''എന്താ ചേട്ടാ. എന്തുപറ്റി?"
ശേഖരൻ അയാളുടെ തൊട്ടുമുന്നിലെത്തി.
''നീയാണോടാ നമ്മൾ വച്ച നിധി എ ടുത്തു മാറ്റിയത്?"
''ഞാനോ.." ശേഖരന്റെ കണ്ണു തള്ളി. ചേട്ടൻ തന്നെയല്ലേ രണ്ട് പട്ടുസഞ്ചികൾ ഒഴികെയുള്ളതെല്ലാം ഒളിപ്പിച്ചത്?"
''പിന്നത് എങ്ങോട്ടു പോയെടാ. ഇപ്പം കാണുന്നില്ല. ഞാൻ മുറി മുഴുവൻ പരിശോധിച്ചു..."
തളർന്നതുപോലെ കിടാവ് നടുമുറ്റത്തിനരുകിലെ തൂണിലേക്കു ചാരി.
''നമ്മൾ മൂന്നുപേരല്ലേ ഉള്ളായിരുന്നോ ഇവിടെ? പിന്നെ ചന്ദ്രകലയും പ്രജീഷും. അവരെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയുമാണ്."
ശേഖരന്റെ തലച്ചോർ പുകഞ്ഞു.
''എന്താ സാറമ്മാരേ?"
പിന്നിൽ ചോദ്യം കേട്ട് ശേഖരൻ വെട്ടിത്തിരിഞ്ഞു.
പരുന്ത്!
ശേഖരന്റെ കണ്ണുകൾ കത്തി. ഒറ്റ കുതിപ്പിൽ അയാൾ പരുന്തിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ശേഷം ഒരു പുഴുത്ത തെറി.
''..... പറയെടാ നീയല്ലേ നിധിയെടുത്തു മാറ്റിയത്?"
''ഞാനോ." പരുന്തിന്റെ ശബ്ദം പകച്ചു. ''ഞാൻ നിങ്ങളുടെ കൂടെത്തന്നെയില്ലായിരുന്നോ... നിങ്ങള്അതൊക്കെ എവിടെയാ വച്ചതെന്ന് പോലും എനിക്കറിയത്തില്ല. ഞാൻ നിങ്ങടെ മുറിയിലേക്ക് വന്നിട്ടു പോലുമില്ലല്ലോ..."
തന്നെ കബളിപ്പിക്കാൻ ചേട്ടനും അ നുജനും തമ്മിൽ നാടകം കളിക്കുകയാണോയെന്ന് പരുന്തിന് ഒരു സംശയം. അതയാൾ വെട്ടിത്തുറന്നു ചോദിച്ചു.
''എനിക്ക് വീതം തരണം എന്നു കരുതി എന്തിനാ സാറമ്മാരേ കള്ളം പറയുന്നത്?"
ദേഷ്യവും സങ്കടവും ഒന്നിച്ചുണ്ടായി ശേഖരന്. അയാൾ പരുന്തിനെ പിന്നോട്ടു തള്ളി.
പൊടുന്നനെ തൂണിൽ നിന്ന് ശ്രീനി വാസ കിടാവ് മുന്നോട്ടടുത്തു. പരുന്തിന്റെ മുഖത്തിനു നേർക്കു കൈ ചൂണ്ടി.
''നമ്മൾ നിലവറയിൽ എത്തിക്കഴിഞ്ഞപ്പോൾ വെള്ളം എടുക്കാൻ എന്നു പറഞ്ഞ് നീ മടങ്ങിയത് ഇതിനായിരുന്നില്ലേ?"
പരുന്തിന് ദേഷ്യം വന്നു.
''ദേ... സാറമ്മാരേ... തോന്ന്യാസം പറയരുത്. നിങ്ങടെ എല്ലാ കാര്യത്തിനും കൂട്ടുനിന്നവനാ ഞാൻ. എന്നിട്ടൊരുമാതിരി വർത്തമാനം പറേല്ലേ..."
അയാളുടെ സംസാരം കിടാവിനു പിടിച്ചില്ല.
കൈവീശി കവിളടക്കം ഒന്നു കൊടുത്തു. പടക്കം പൊട്ടുന്ന ഒച്ചയിൽ.
''ഞങ്ങളോട് കയർത്ത് സംസാരിക്കാനും മാത്രം ആയോ നീയ്?"
പരുന്തിന്റെ കണ്ണുകളിൽ ഇരുട്ടു കയറി. പെട്ടെന്നയാൾ പ്രജീഷിനെക്കുറിച്ച് ഓർത്തു. വാതിലിന്റെ ഓടാമ്പൽ താൻ മാറ്റിയിട്ടിരുന്നല്ലോ....
ചതിച്ചത് പ്രജീഷാണോ?
''നമ്മൾ മാത്രമല്ലല്ലോ ഇവിടുള്ളത്?"
പെട്ടെന്നു പരുന്ത് തിരക്കി.
(തുടരും)