ന്യൂഡൽഹി: ഇന്ത്യൻ സെനികരെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ ഒരുങ്ങുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ. ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) ആവശ്യപ്പെട്ടു.
'സോഷ്യൽ മീഡിയയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഹണിട്രാപ്പിലൂടെ കുടുക്കാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ വലിയ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന്' ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറി.
ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ അടുത്തിടെ നിരവധി കേസുകൾ കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരവൃത്തി കണ്ടെത്താനായി ഇന്റലിജൻസ് വിഭാഗം സെൻട്രൽ ഇന്റലിജൻസ് ഏജൻസികളും നേവൽ ഇന്റലിജൻസും ചേർന്ന് 'ഓപ്പറേഷൻ ഡോൾഫിൻസ് നോസ്' ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.