apple-google

കൂടിയ മെഗാപിക്സലുകളുമായി മികച്ച ഫോട്ടോകൾ നൽകാൻ ശേഷിയുള്ള ക്യാമറകൾ പുറത്തിറക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഭൂരിഭാഗം മൊബൈൽ കമ്പനികളും. എന്നാൽ ഇക്കൂട്ടത്തിൽ കൂടാതെ ഇപ്പോഴും ബേസിക് മെഗാപിക്സൽ ക്യാമറകളോട് കൂടി ഫോണുകൾ പുറത്തിറക്കുന്ന രണ്ട് കമ്പനികളുണ്ട്. റെഡ്‌മിയും, ഓണറും, സാംസങും വൺ പ്ലസും പോലും മെഗാപിക്സലുകളുടെ പിറകെ പായുമ്പോൾ ഈ രണ്ട് കമ്പനികൾ മാത്രം അക്കാര്യത്തിൽ ഒരു മുന്നേറ്റത്തിനും ഒരുങ്ങുന്നില്ല. ആപ്പിളും ഗൂഗിളുമാണ് ഈ രണ്ട്‍ മൊബൈൽ ഫോൺ നിർമാണ കമ്പനികൾ. എന്നാൽ ഇവർ രണ്ടുപേരും അങ്ങനെ ചെയ്യുന്നതിന് കൃത്യമായ ഒരു കാരണം ഉണ്ട്.

കംപ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ആണ് അതിന് പിന്നിലെ കാരണം. മറ്റ് സ്മാർട്ട്ഫോണുകൾ ഫോട്ടോ ക്വാളിറ്റിയുടെ അടിസ്ഥാനമായി മെഗാപിക്സലുകളെ കണക്കാക്കുമ്പോൾ ആപ്പിളും ഗൂഗിളും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഫോട്ടോകൾ പ്രോസസ് ചെയ്യുന്നതിനാണ്. അതായത്, മെഗാപിക്സലുകൾ കൂടിയ ക്യാമറകൾ ഉള്ളതുകൊണ്ടുമാത്രം ഫോട്ടോകൾ നന്നാവണമെന്നില്ല. മികച്ച ഫോട്ടോകൾ ഉപഭോക്താവിന് ലഭിക്കുന്നതിനായി മികച്ച സോഫ്റ്റ്‌വെയറുകളും ഇമേജ് പ്രോസസിംഗ് സംവിധാനവുമാണ് ആപ്പിളും ഗൂഗിളും ഉപയോഗപ്പെടുത്തുന്നത്. ഇതിനായി മികച്ച ചിപ്പുകളും ഈ കമ്പനികൾ ഉപയോഗപ്പെടുത്തുന്നു.

48ഉം, 64ഉം, 108ഉം മെഗാപിക്സലുള്ള ക്യാമറകൾ മിക്ക കമ്പനികളും പുറത്തിറക്കുമ്പോഴും, ഈ 'പിക്സൽ റേസി'ന്റെ ഭാഗമാകാതെ 12ഉം, 16ഉം മെഗാപിക്സലുകളുള്ള ഫോണുകൾ ആപ്പിളും ഗൂഗിളും കൈവെടിയാത്തത് ഇക്കാരണം കൊണ്ടാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 11ഉം 11 പ്രോയും ഇതേ മെഗാപിക്സലുള്ള ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഗൂഗിളും തങ്ങളുടെ 'പിക്സൽ 4' ഫോണിൽ 12 എം.പി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിലുള്ള ക്യാമറകളുടെ എണ്ണം ഇരു കമ്പനികളും കൂട്ടിയിട്ടുണ്ടെങ്കിലും പിക്സലുകളിൽ ഇവർ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ അടുത്ത വർഷത്തോടെ ഇരു കമ്പനികളും തങ്ങളുടെ പിക്സലുകളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.