'പെലിഷ കല്ലിയത്ത് ' എന്ന പേര് കേട്ടാൽ നമുക്കധികം പരിചയം കാണില്ല. എന്നാൽ നാലുവീലിൽ ഉരുളുന്ന വീൽചെയറിലിരുന്ന് ഒരു ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്ന കല്ലിയത്ത് ടി.എം.ടി ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാൾ എന്ന് പറഞ്ഞാൽ വേഗം മനസിലാവും. പത്തു വർഷം മുൻപുണ്ടായ അപകടത്തിൽ ശരീരത്തിന്റെ ചലനം നഷ്ട്ടപ്പെട്ടു കിടന്നപ്പോഴും ജീവിതത്തോട് കൂടുതൽ പോരാടി വിജയിച്ച വ്യക്തിയാണ് പെലിഷ കല്ലിയത്ത്. വീൽചെയറിലിരുന്നു പഠനം പൂർത്തിയാക്കി. കല്ലിയത്ത് ടി.എം.ടി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വരെ ആയ പെലിഷ തന്റെ ബിസിനസിലെയും, ജീവിതത്തിലെയും അനുഭവങ്ങൾ തുറന്നു പറയുകയാണ് കൗമുദി ടി.വിയുടെ ഗസ്റ്റ് ടൈമിലൂടെ.
അപകടത്തിന് ശേഷമാണ് ജീവിതത്തോട് പോരാടാൻ തുടങ്ങിയത്.
പത്തു വർഷം മുൻപാണ് അപകടം സംഭവിക്കുന്നത്. അപകടശേഷം നെഞ്ചിന് താഴേക്ക് ചലനവും, സ്പർശന ശേഷിയും നഷ്ടപ്പെട്ടു. കൈവിരലുകൾ അനക്കാൻ സാധിച്ചിരുന്നില്ല. ആദ്യത്തെ ഒന്നരക്കൊല്ലം കട്ടിലിൽ തന്നെ കിടന്നു. ഒരു ചെറിയ കുട്ടിയെ നോക്കുന്ന പോലെ ഉമ്മക്ക് വീണ്ടും നോക്കേണ്ടി വന്നു. ഇനി അങ്ങോട്ട് ഒരു ജീവിതമില്ല എന്ന ചിന്തയിൽ ഒരുപാടുകാലം വിഷാദം അനുഭവിച്ചു. എട്ടു മാസങ്ങൾക്ക് ശേഷമാണ് വീൽ ചെയറിലേക്കു മാറുന്നത്. അപ്പോഴാണ് രണ്ടാമത് ജീവിതത്തത്തോട് പോരാടാൻ തുടങ്ങിയത്.
പഠനം പൂർത്തിയാക്കി, ബിസിനസ്സിൽ പങ്കാളിയായി .
അപകടശേഷം നാട്ടിലേക്ക് തിരിച്ചു വരാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ആളുകളോട് എന്ത് പറയും എന്നത് വലിയൊരു വിഷമമായിരുന്നു. സുഹൃത്തുക്കളുടെയും, വീട്ടുകാരുടെയും നിർബന്ധത്തിലാണ് നാട്ടിലെത്തുന്നത്. കോളേജിൽ മടങ്ങിപ്പോയി പഠനം തുടരാൻ അദ്ധ്യപകരുടെയും, സഹപാഠികളുടെയും ഒരുപാടു സഹായം ലഭിച്ചു. ഡിഗ്രി പഠനം പൂർത്തിയാക്കി, ഡിസ്റ്റൻസ് ആയി എം.ബി.എ ബിരുദവും സ്വന്തമാക്കി.
പതിമൂവായിരം അടി ഉയരത്തിൽ നിന്നും സ്‌കൈ ഡൈവിംഗ് നടത്തി .
കഴിഞ്ഞ നവംബറിലാണ് ദുബായിൽ വച്ച് പതിമൂവായിരം അടി ഉയരത്തിൽ നിന്നും സ്‌കൈ ഡൈവിംഗ് നടത്തിയത്. രണ്ടു വർഷം മുൻപ് ഇതിനു ശ്രമിച്ചിരുന്നു എന്നാൽ ശാരീരിക പരിമിതികളാൽ അധികൃതർ അനുവദിച്ചില്ല. എന്നാൽ ആരോഗ്യം വന്നപ്പോൾ മനസിലെ പഴയ ആഗ്രഹങ്ങൾ വീണ്ടും പൊടിതട്ടി എടുത്തു. പത്തുവർഷം മുൻപ് ഞാൻ നടന്നിരുന്നെങ്കിൽ ഇപ്പോൾ അവിടെ എത്തിയേനെ എന്നെനിക്കറിയില്ല. ആ നടക്കുന്ന വ്യക്തിയേക്കാൾ ഉയരത്തിൽ, ഇരുന്നുകൊണ്ട് എനിക്കെത്തണം. നടക്കുന്ന എന്നെ, ഇരുന്നു കൊണ്ട് തോൽപ്പിക്കണം എന്ന ചിന്തയാണ് ചലനമറ്റ രണ്ടു കാലും കൂട്ടിക്കെട്ടി സ്കൈ ഡൈവിംഗ് ചെയ്യാൻ പ്രേരിപ്പിച്ചത്. പല തവണ മനസുകൊണ്ട് ഇതിനു മുൻപ് ചാടി. അതോടെ ഭയമെല്ലാം മാറി. ദുബായ് മുഴുവനും പാരച്യൂട്ടിൽ ഇരുന്നു കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്.
വീട്ടുകാരുടെ പിന്തുണ കൂടുതൽ ധൈര്യം നൽകി
എന്റെ ആഗ്രഹങ്ങൾക്ക് ഒന്നും കുടുംബം തടസം നിൽക്കാറില്ല. എല്ലാ ആഗ്രഹങ്ങളും സ്വന്തമാക്കാനുള്ള പിന്തുണ വീട്ടുകാരാണ് നൽകിയത്. പോയി ചെയ്തിട്ട് വരൂ എന്നായിരുന്നു എല്ലാവരുടെയും ആശംസ.
അപകട ശേഷം ബിസിനസിൽ ഇടപെട്ട് തുടങ്ങി
അപകട ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. ഏഴു വർഷമായി ഇപ്പോൾ ബിസിനസിൽ സജീവ പങ്കാളിയാണ്. മാറുന്ന കാലാവസ്ഥയെ നേരിടാൻ പറ്റുന്ന ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നം കുറഞ്ഞ വിലയിൽ നിർമിക്കുകയാണ് ചെയ്തത്. ഇതിനായി 2014ൽ ഫാക്ടറി ഫുള്ളി ഓട്ടോമാറ്റിക് റോബോട്ടിക് ആക്കി.
മോഹൻലാൽ ബ്രാൻഡ് അംബാസിഡർ ആയപ്പോൾ
പരസ്യം ചെയ്താണ് ആളുകളിൽ ഉല്പന്നത്തിന്റെ ഗുണമേന്മ അറിയിച്ചത്. അതിനായി ഫണ്ടിങ് ആവശ്യമായി വന്നപ്പോഴാണ് മോഹൻലാലിനെ ബ്രാൻഡ് അംബാസിഡർ ആയി തീരുമാനിക്കുന്നത്. ഒരു സ്വപ്നമായിരുന്നു മോഹൻലാൽ അംബാസിഡർ ആയതിലൂടെ സാധ്യമായത്. ഉല്പന്നത്തിന്റെ ബ്രാൻഡ് ജനങ്ങളിലെത്തിക്കാൻ മോഹൻലാലിന്റെ പരസ്യം കൊണ്ട് സാധിച്ചു. അദ്ദേഹവും ഒരു ബ്രാൻഡ് കോൺഷ്യസ് ആണ്. ഒരുപാടു തവണ മോഹൻലാലിനെ കണ്ടിട്ടുണ്ട്. എങ്കിലും ഓരോ തവണ കാണുമ്പോഴും പുതിയ ഫീലിംഗ് ആണ് മനസിന് ലഭിക്കുന്നത്.