മുംബയ്: എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും മന്ത്രിസഭയിൽ ഉണ്ട്. വിദ്യാഭവനിൽ നടന്ന ചടങ്ങിൽ മഹാവികാസ് അഘാടി സർക്കാരിന്റെ ഭാഗമായി 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
അജിത് പവാറിനെക്കൂടാതെ എൻ.സി.പിയിൽ നിന്ന് 13 പേരും ശിവസേനയിൽ നിന്ന് 12 പേരും കോൺഗ്രസിൽ നിന്ന് 10 പേരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. അന്ന് ആറ് ക്യാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എൻ.സി.പിയിൽ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം നവംബർ 23ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു.
ഉപമുഖ്യമന്ത്രി പദവിയിൽ കഷ്ടിച്ച് 80 മണിക്കൂർ മാത്രം നീണ്ട കാലയളവിനുള്ളിൽ ജലസേചന പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ അജിത്തിനെ കുറ്റവിമുക്തനാക്കിയിരുന്നു എന്നാൽ, പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു