രാജ്‌ഗർ:1.25 കോടി രൂപയ്ക്ക് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. പാമ്പിനെ അധികൃതർ രക്ഷപ്പെടുത്തി. മദ്ധ്യപ്രദേശിലെ നർസിംഗറിൽ ഞായറാഴ്ചയാണ് സംഭവം. പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
അപൂർവമായി കാണപ്പെടുന്ന വിഷമില്ലാത്ത ഈ പാമ്പുകളെ ചില മരുന്നുകളും, സൗന്ദര്യവർദ്ധകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ ഇത്തരം പാമ്പുകൾ ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.അതിനാൽത്തന്നെ ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റാണ്.
'പ്രതികൾ ഫോണിൽ സംസാരിക്കുന്നതും, ബസ് സ്റ്റാൻഡിൽ പാമ്പിനെ വിൽക്കുന്നതിനുള്ള കരാർ എടുക്കുന്നതും ഞങ്ങളുടെ ഇൻഫോമർ കേട്ടു. അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം ഞങ്ങളെ അറിയിച്ചു.പവൻ നഗർ, ശ്യാം ഗുർജാർ എന്നീ പ്രതികളുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് പാമ്പിനെ കണ്ടെടുത്തു. ഇവർക്കൊപ്പം മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉണ്ടായിരുന്നു”-നരസിംഗർ പൊലീസ് ഓഫീസർ കൈലാഷ് ഭരദ്വാജ് പറഞ്ഞു.
“മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിൽ നിന്ന് പാമ്പിനെ വാങ്ങിയതായും, വിൽക്കാനാണ് നർസിംഗറിലെത്തിയതെന്നും പ്രതികൾ ഞങ്ങളോട് പറഞ്ഞു. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ പാമ്പിന് 1.25 കോടി വിലവരുമെന്ന് മനസിലാക്കാൻ കഴിഞ്ഞു' പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.