narendra-modi

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധമിരമ്പുന്ന സാഹചര്യത്തിൽ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള 'തെറ്റിധാരണ'കൾ ഇല്ലായ്മ ചെയ്യാനാണ് മോദിയും പാർട്ടിയും ഒരുങ്ങുന്നത്. ഇതിനായി ആത്മീയാചാര്യനും 'ഇഷ' ഫൗണ്ടേഷൻ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ(സദ്ഗുരു) സഹായവും മോദി തേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ പടിയായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും മോദി തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

'പൗരത്വ നിയമഭേദഗതിയുടെ വിവിധ വശങ്ങളെ കുറിച്ച് സദ്ഗുരു വ്യക്തതയോടെ വിശദീകരിക്കുന്നത് കേൾക്കൂ. അദ്ദേഹം നിയമത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും, സഹോദര്യത്തിൽ അധിഷ്ഠിതമായ നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഗംഭീര വിശദീകരണം നൽകുന്നുണ്ട്. നിയമവുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങളും അദ്ദേഹം തുറന്നുകാട്ടുന്നു.' മോദി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.

ബി.ജെ.പിയുടെ ഐ.ടി സെല്ലും നിയമത്തെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ രംഗത്തുണ്ട്. ഇതിനായി തിങ്കളാഴ്‌ച രാവിലെ ഒൻപത് മണിയോട് കൂടി ഒരു 'ട്വീറ്റത്തോണും' ഇവർ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മോദിയുടെ രണ്ട് പേഴ്‌സണൽ ട്വിറ്റർ ഹാൻഡിലുകളും ഇതിനായി ഉപയോഗപ്പെടുത്തും. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഈ ഉദ്യമത്തിൽ ഐ.ടി സെല്ലിനൊപ്പം ചേർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ ബി.ജെ.പി സോഷ്യൽ മീഡിയ വഴി പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്.