aysha-renna

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പൗരത്വ സംരക്ഷണ റാലിയില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി ആയിഷ റെന്നയ്‌ക്കെതിരെ സി..പി..എം പ്രവർത്തകർ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി വൻ വിവാദങ്ങളാണ് ഉയരുന്നത്. 'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം' എന്നായിരുന്നു സി.പി.എം പ്രവർത്തകർ ആയിഷയ്ക്കെതിരെ വിമർശനമുന്നയിച്ചത്. അതോടെ ചിലര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആയിഷ റെന്ന.

ഇതുസംബന്ധിച്ച് മാപ്പ് പറഞ്ഞെന്ന് പറയുന്നത് തെറ്റായ പ്രചരണമാണെന്നും,​ ആക്രോശിച്ചവരോട് മിണ്ടാതിരിക്കാനാണ് പറഞ്ഞതെന്നും ആയിഷ പറഞ്ഞു. സ്ത്രീകള്‍ വീട്ടില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് പറയുന്നവര്‍ എന്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ആയിഷ ചോദിച്ചു.

"പിണറായിക്കെതിരേ പറഞ്ഞതിന് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി. മാപ്പുപറയാന്‍ തയ്യാറായില്ല. അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നായിരുന്നു അവരുടെ ആക്രോശം. ഒപ്പം അസഭ്യ വാക്കുകളും. ദിവസങ്ങളായി സി.പി.എമ്മുകാര്‍ ഉള്ളില്‍കൊണ്ടുനടക്കുന്ന രോഷവും ഒരു മുസ്ലീം സ്ത്രീ മുന്നോട്ടുവരുന്നതിലെ എതിര്‍പ്പുമാണ് അവിടെ കണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയിലടക്കം നടക്കുന്ന പ്രതിഷേധങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഇത്തരം സംഭവങ്ങളൊന്നും ജാമിയയിലെ പ്രതിഷേധത്തെ ബാധിക്കില്ല ".-പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്.