മുംബയ്: എൻ.എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ ഭവനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറേ അടക്കം 35 മന്ത്രിമാരുടെ സത്യപ്രതിഞ്ജയും ഇന്നലെ നടന്നു. ഉദ്ധവിനൊപ്പം ആറു കാബിനറ്റ് മന്ത്രിമാരാണ് ആദ്യം അധികാരമേറ്റിരുന്നത്.
എൻ.സിപിയിൽ നിന്ന് 13 പേരും ശിവസേനയിൽ നിന്ന് മൂന്ന് സ്വതന്ത്രന്മാരുൾപ്പെടെ 12 പേരും കോൺഗ്രസിൽ നിന്ന് പത്ത് പേരുമാണ് ഇന്നലെ അധികാരമേറ്റത്. ആദിത്യ താക്കറെ ഉൾപ്പെടെ 25 പേർക്ക് കാബിനറ്റ് പദവിയുണ്ട്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൗഹാനും മന്ത്രിസഭയിലുണ്ട്. അതേസമയം മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടില്ല. അജിത് പവാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ധനകാര്യ വകുപ്പ് എൻ.സി.പിക്കും റവന്യു, പൊതുമരാമത്ത് കോൺഗ്രസിനും ലഭിച്ചേക്കും.
അച്ഛന് കൂട്ടായി മകനും
ഉദ്ധവ് താക്കറെയുടെ മൂത്ത മകനായ ആദിത്യയുടെ കന്നി മന്ത്രി പദവിയാണിത്. മഹാരാഷ്ട്രയിൽ ആദ്യമായാണ് അച്ഛനും മകനും ഒരു മന്ത്രിസഭയിൽ അംഗങ്ങളാകുന്നത്. പരിസ്ഥിതി അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് ആദിത്യയെ പരിഗണിക്കുന്നത്.
നാടകാന്തം അജിത്തിന് രണ്ടാമൂഴം
എൻ.സി.പിയിൽ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ, നവംബർ 23ന് വെളുപ്പിന് ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, പരസ്യ വോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇരുവരും 80 മണിക്കൂറിനകം രാജിവച്ചു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് എൻ.സി.പി നീക്കിയെങ്കിലും ഉദ്ധവ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശരദ് പവാർ തിരിച്ചെടുത്തു. ശരദ് പവാർ കഴിഞ്ഞാൽ എൻ.സി.പിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത്. ഒരു മാസത്തിന് ശേഷം അന്ന് നഷ്ടമായ അതേ പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.