ഡൽഹി: 2026 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. യു.കെ ആസ്ഥാനമായ സെന്റർ ഫോർ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസർച്ചാണ് (സി.ഇ.ബി.ആർ) ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജർമനിയെ മറികടന്നായിരിക്കും ഇന്ത്യ ഈ സാമ്പത്തിക നേട്ടം കൈവരിക്കുന്നത്. 2034 ആവുമ്പോഴേക്കും ജപ്പാൻ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ൽ ഫ്രാൻസിനെയും യു.കെയെയും മറികടന്നു ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ ജപ്പാൻ, ജർമ്മനി, ഇന്ത്യ എന്നിവ മൂന്നാം സ്ഥാനത്തിനായി പോരാടുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിഇബിആർ 'വേൾഡ് ഇക്കണോമിക് ലീഗ് ടേബിൾ 2020' എന്നാണ് ഈ പഠന റിപ്പോർട്ടിന് പേരിട്ടിരിക്കുന്നത്.
2024 ൽ അഞ്ച് ട്രില്യൺ യു.എസ് ഡോളർ വളർച്ചയാണ് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇ.ബി.ആറിന്റെ കണക്ക് പ്രകാരം ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് 2026ൽ ആയിരിക്കും.പക്ഷേ സമ്പദ്‌വ്യവസ്ഥയിൽ ഉടനീളം പ്രതിസന്ധികൾ കൂടിവരുന്നത് ഈ ലക്ഷ്യത്തിലെത്താൻ തടസമാവുമെന്നാണ് പലരും കരുതുന്നത്. നിലവിലെ വളർച്ചാ നിരക്കിൽ 2024-25 ടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ ജിഡിപി എത്തുമെന്നത് സംശയാസ്പദമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ സി രംഗരാജൻ പറഞ്ഞു.