മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്പ പലിശയില്‍ വീണ്ടും കുറവു വരുത്തി. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ കാല്‍ശതമാനമാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്‌കരിച്ച വിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തില്‍നിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് 7.9 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ആര്‍.ബി.ഐ ഡിസംബറിലെ പണവായ്പാ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്.
എക്‌സ്റ്റേല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാന്‍ 2019 ഒക്ടോബറിലാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരം മിക്കവാറും ബാങ്കുകള്‍ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്.