കൊച്ചി: ഭവന വായ്‌പകൾ എടുത്തവർക്ക് ആശ്വാസവുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പലിശനിരക്ക് കാൽ ശതമാനം കുറച്ചു. എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്‌ഠിതമായ നിരക്ക് (ഇ.ബി.ആർ) 8.05 ശതമാനത്തിൽ നിന്ന് 7.80 ശതമാനമായാണ് കുറച്ചത്. പുതുക്കിയ നിരക്ക് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
ഇ.ബി.ആർ പ്രകാരം നിലവിൽ ഭവന വായ്‌പ എടുത്തവർക്കും എം.എസ്.എം.ഇ വായ്‌പ എടുത്തവർക്കും കാൽ ശതമാനം ഇളവ് പലിശനിരക്കിൽ ലഭിക്കും. പുതുതായി ഭവന വായ്‌പ തേടുന്നവർക്ക് 7.90 ശതമാനമായിരിക്കും പുതുക്കിയ വാർഷിക പലിശ. നേരത്തേയിത് 8.15 ശതമാനമായിരുന്നു.