ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഓഫീസർ എസ്.ആർ. ദാരാപുരിയുടെ യു.പിയിലെ വസതിയിലേക്ക് നടത്തിയ സന്ദർശനത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സി.ആർ.പി.എഫ്. പ്രിയങ്കയുടെ സുരക്ഷയിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. എന്നാൽ, പ്രിയങ്ക കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ് വരുത്തിയത്. ഡിസംബർ 28ന് പി.സി.സി ഓഫീസ് സന്ദർശിക്കുമെന്ന് മാത്രമാണ് പ്രിയങ്ക അറിയിച്ചിരുന്നത്. മുൻകൂട്ടി അറിയിക്കാതെ യാത്രകൾ നടത്തുക വഴി സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണ് പ്രിയങ്ക നടത്തിയത്. പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയില്ലാതെ സാധാരണ വാഹനത്തിലാണ് അവർ യാത്ര ചെയ്തത്. പാർട്ടി പ്രവർത്തകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതും സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണെന്ന് സി.ആർ.പി.എഫ് പറയുന്നു. പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന വാദങ്ങൾ തെറ്റാണെന്നും സി.ആർ.പി.എഫ് അറിയിച്ചു. പ്രിയങ്കയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കുന്നത് സി.ആർ.പി.എഫാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യു.പി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നത്.എന്റെ സുരക്ഷ വലിയ കാര്യമല്ല. സുരക്ഷ ആവശ്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. 5,500 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നിരവധി പേരെ ജയിലിൽ അടച്ച് മർദ്ധനത്തിനിരയാക്കി. പോലീസും ഭരണകൂടവും അധാർമിക പ്രവർത്തികൾ തുടരുകയാണ്- പ്രിയങ്ക ഗാന്ധി