വിയന്ന/ ന്യൂഡൽഹി : ഓസ്ട്രിയയിലെ ഇന്ത്യൻ സ്ഥാനപതി രേണു പാലിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് അപ്പാർട്ട്മെന്റ് വാടകയ്‍ക്കെടുത്തത് അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് നടപടി. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‍തുവെന്നാണ് സ്ഥാനപതിക്കെതിരായ പ്രധാന ആരോപണം. അനുമതിയില്ലാതെ വസതിക്കായി ഇതുവരെ രേണു കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് സെൻട്രൽ വിജിലൻസ് കമ്മിഷന്റെ നിർദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തുന്നതിനായി ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സെപ്തംബറിൽ വിയന്ന സന്ദർശിച്ചിരുന്നു. രേണു സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഫണ്ട് ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം സെൻട്രൽ വിജിലൻസ് കമ്മിഷന് റിപ്പോർട്ട് നൽകി. ഡിസംബർ ഒമ്പതിന് തന്നെ രേണു പാലിന്റെ അധികാരങ്ങളെല്ലാം പിൻവലിച്ചതായും അവരെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റിയതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.