ചെന്നൈ: തമിഴ്‌നാട്ടിൽ ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ കോലംവരച്ച് സമരം ചെയ്തവരെ കസ്റ്റഡിയിൽ എടുത്തതിനെതിരെ സംസ്ഥാനത്ത് സമാന രീതിയിലുള്ള പ്രതിഷേധം വ്യാപകമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ പ്രവർത്തകർ കോലംവരച്ച് പ്രതിഷേധിച്ചു. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എം.പി കനിമൊഴി എന്നിവരുടെ വീടുകൾക്ക് മുന്നിലും സി.എ.എ, എൻ.ആർ.സി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോലങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിലും എൻ.ആർ.സി, സി.എ.എ വിരുദ്ധസമരം' എന്ന കുറിപ്പോടെ ആൽവാർപേട്ടിലെ തന്റെ വീടിന് മുന്നിലെ റോഡിൽ വരച്ച കോലത്തിന്റെ ചിത്രങ്ങൾ സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം തന്നെ കനിമൊഴി സി.ഐ.ടി കോളനിയിലെ തന്റെ വീടിന് മുന്നിൽ കോലം വരച്ചിരുന്നു. കൂടാതെ, ഡി.എം.കെയുടെ വനിതാ വിഭാഗം പ്രവർത്തകരോട് വീടിനു മുന്നിൽ കോലം വരച്ച് പ്രതിഷേധിക്കാൻ അവർ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, ഇന്നലെ രാവിലെ തന്റെ വീടിനു മുന്നിൽ വരച്ച കോലത്തിന്റ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈ ബസന്ത് നഗർ ബസ് ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ കോലങ്ങൾ വരച്ചവരെ അനധികൃതമായി സംഘം ചേർന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ കാരണം അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
മാദ്ധ്യമപ്രവർത്തർക്കെതിരെ കേസ്
അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ വാർത്ത ശേഖരിക്കാൻ പോയ രണ്ട് മാദ്ധ്യമപ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അഭയാർത്ഥി ക്യാമ്പിൽ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് ജൂനിയർ വികടൻ മാസികയിലെ റിപ്പോർട്ടർ സിന്ധു , ഫോട്ടോഗ്രാഫർ രാംകുമാർ എന്നിവർക്കെതിരെ കന്യാകുമാരി പൊലീസ് കേസ് എടുത്തത്.