ശ്രീനഗർ: വീട്ടുതടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ ജമ്മു കാശ്മീർ ഭരണകൂടം മോചിപ്പിച്ചു.എം.എൽ.എ ഹോസ്‌റ്റലിൽ നിന്നാണ് മുൻ നിയമസഭാംഗങ്ങൾ കൂടിയായ ഇവരെ മോചിപ്പിച്ചത് നാഷണൽ കോൺഫറൻസ് നേതാവായ ജബ്ബാർ ഗുലാം നബി ഭട്ട്, കോൺഗ്രസ് നേതാവായ ബഷീർ മിർ, പി.ഡി.പി നേതാക്കളായ സഹോർ മിർ, യാഷിർ റെഷി എന്നിവരാണ് മോചിതരായത്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന 35എ റദ്ദാക്കിയ ദിവസമായ ആഗസ്റ്റ് അഞ്ച് മുതൽ വീട്ടുതടങ്കലിലായിരുന്നു ഇവർ.അതേസമയം, മുൻ മുഖ്യമന്ത്രിമാരായ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള, മകൻ ഒമർ അബ്‌ദുള്ള, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്‌തി എന്നിവർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്.