sreekovil
photo

ശബരിമല: മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയും ചേർന്ന് നട തുറപ്പോൾ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമായി.നടതുറക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പുതന്നെ സന്നിധാനത്തും പരിസരത്തും തീർത്ഥാടകർ തിങ്ങിനിറഞ്ഞിരുന്നു.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെ.ജയപ്രകാശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും, മാളികപ്പുറം നടയുടെ താക്കോലും ശബരിമല മേൽശാന്തിയിൽ നിന്ന് മാളികപ്പുറം മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരി ഏറ്രുവാങ്ങി മാളികപ്പുറം ശ്രീകോവിൽ നടതുറന്നു.

ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും.വൈകുന്നേരം 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് -മകരജ്യോതി ദർശനം.

ജനുവരി 16 മുതൽ 20വരെ മാളികപ്പുറത്തു നിന്നുള്ള എഴുന്നെള്ളത്ത് നടക്കും.19 വരെ മാത്രമേ ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ അവസരമുണ്ടാകൂ. 20നാണ് പന്തളം രാജകുടുംബത്തിന്റെ നെയ്യഭിഷേകവും കളഭാഭിഷേകവും .അന്നുവരെ ഭക്തർക്ക് ദർശനം നടത്താം. 20ന് രാത്രി മാളികപ്പുറത്ത് ഗുരുസി നടക്കും. 21 ന് പന്തളം കൊട്ടാര പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ രാവിലെ 6.30 ന് നട അടയ്ക്കും. ഇതോടെ മകരവിളക്ക് ഉത്സവം സമാപിക്കും..