തൃപ്പൂണിത്തുറ: പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ മുകളിലെ സ്ലാബ് തകർന്ന് വീണ് കരാറുകാരൻ മരിച്ചു. തമ്മനം മേയ് ഫസ്റ്റ് റോഡ് ചിറമേൽ പറമ്പിൽ പരേതയായ ജോണിന്റെയും ഓമനയുടെയും മകൻ ജോസഫ് സിജോയാണ് (34) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചക്കംകുളങ്ങര ശ്രീരാമ ക്ഷേത്രം റോഡിനു സമീപത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലെത്തിയ സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി മുക്കാൽ മണിക്കൂറിനു ശേഷമാണ് സിജോയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സോണി. മക്കൾ: അലന്ന, അലോൺസോ.