തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഉടൻ ആരംഭിക്കും. ഇത്തരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം തിരുവനന്തപുരം നഗരസഭ പരിസരത്ത് പുതുവർഷത്തിലാണ് പ്രവർത്തനം തുടങ്ങുന്നത്. ഏഴു നിലകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാനാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മൾട്ടി ലെവൽ കാർ പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്.. പൂര്‍ണമായും യന്ത്രവത്കൃത സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങൾ പാർക്ക് ചെയ്യാം എന്നതാണ്ഇതിന്റെ പ്രത്യേകത.
കോയമ്പത്തൂരിലെ സീഗർ കമ്പനിയായിരുന്നു ഇതിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഓഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 216 കാർ, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാർക്ക് ചെയ്യാൻ സാധിക്കുന്ന ബഹുനില പാർക്കിംഗ് സമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 11.74 കോടി രൂപയാണ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്.
മെഡിക്കൽ കോളേജിലും തമ്പാനൂരിലും 252 കാർ പാർക്ക് ചെയ്യാൻ സാധിക്കുന്ന ബഹുനില പാർക്കിംഗ് സംവിധാനത്തിന്റെ നിർമാണവും പ്രാഥമിക ഘട്ടത്തിലാണ്. 22 കോടി രൂപ വീതമാണ് ഈ രണ്ട് പാർക്കിംഗ് സംവിധാനത്തിന്റെ നിർമാണ ചെലവ്. നാല് ആധുനിക പാർക്കിംഗ് സംവിധാനം നഗരത്തിൽ വരുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പൂർണമായും വിരാമമിടാനാകുമെന്നും മന്ത്രി പറഞ്ഞു.