mt-vasudevan-nair

കോഴിക്കോട്: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. ജനാധിപത്യത്തിൽ വിയോജിക്കാനും വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചു പുലർത്താനും സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. പരദൂഷണം പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ കഴിയാത്ത തരത്തിൽ മലയാളി സമൂഹം മാറുകയാണ്. വിമർശനങ്ങളെ സമചിത്തതയോടെയാണ് എം.ടി. വാസുദേവൻ നായർ സ്വീകരിക്കാറ്. മലയാള സാഹിത്യം എം.ടിക്ക് മുമ്പും ശേഷവും എന്ന രീതിയിൽ സവിശേഷമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. ഷഹീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ. മഞ്ചേരി സി. ശ്രീധരൻ നായർ, അഡ്വ. വിനോദ് സിംഗ് ചെറിയാൻ, ശ്രീനാഥ് ഗിരീഷ്, കെ.പ്രേംകുമാർ, കെ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പുരസ്‌കാരം.