ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ റെയിൽവേക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് പ്രക്ഷോഭകാരികളിൽ നിന്ന് 80 കോടി ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവെ ബോർഡ് അറിയിച്ചു. പൊതുസ്വത്ത് നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യു.പി സർക്കാർ സമാനമായ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് റെയിൽവേയുടെ പ്രസ്താവന. റെയിൽവെ ബോർഡ് ചെയർമാന്‍ വിനോദ് കുമാർ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ 80 കോടി രൂപയുടെ നാശനഷ്ടമാണ് റെയിൽവേക്ക് ഉണ്ടായത്. ഇതിൽ 70 കോടി രൂപയാണ് ഈസിറ്റേൺ റെയിൽവേയ്ക്ക് നാശനഷ്ടമുണ്ടായത്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായിയെന്നും വിനോദ് കുമാർ യാദവ് പറഞ്ഞു. തീവെയ്പ്പിലും അക്രമത്തിലും ഏർപ്പെട്ടവരിൽ നിന്നുതന്നെ ഇത് വീണ്ടെടുക്കും. ഇപ്പോൾ പുറത്തുവിട്ടത് പ്രാഥമിക കണക്കാണ്, അന്തിമ വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളികളെ കണ്ടെത്താൻ ആർ.പി.എഫ് സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. തിരിച്ചറിഞ്ഞാൽനാശനഷ്ടങ്ങള്‍ നികത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ബംഗാളിലെ മുരർഷിദാബാദിൽ അഞ്ചുട്രെയിനുകളാണ് പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയത്