ശ്രീകാര്യം: പഞ്ചശുദ്ധി വ്രതമെടുത്ത് മഞ്ഞക്കൊടികളുമേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പീതാംബരധാരികൾ അണിചേർന്ന തീർത്ഥാടന പദയാത്ര ചെമ്പഴന്തിയെ പുളകച്ചാർത്തണിയിച്ചു.
87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെയും വിവിധ ശാഖകളുടെയും ആഭിമുഖ്യത്തിലാണ് ഇന്നലെ രാവിലെ 6.30 ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്ന് ശിവഗിരിയിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ പദയാത്രാ കാപ്ടനും ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറിയുമായ രാജേഷ് ഇടവക്കോടിന് യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി പീത പതാക കൈമാറി. ഗുരുദേവന്റെ ജന്മഗൃഹം കണ്ടുതൊഴാനും ഗുരുകുലത്തിലെ വിശേഷാൽ പൂജകളിലും അന്നദാനത്തിലും പങ്കെടുക്കാനും ഇന്നലെ രാവിലെ മുതൽ തീർത്ഥാടകരുടെയും മറ്റ് ഗുരുഭക്തരുടെയും വൻ തിരക്കായിരുന്നു. വാഹനങ്ങളിലും കാൽനടയായും ശിവഗിരിയിലേക്ക് പ്രയാണം നടത്തുന്നവരും തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരും ഒരുപോലെ ചെമ്പഴന്തി ഗുരുകുലം ഇടത്താവളമാക്കി. തീർത്ഥാടകരെ വരവേൽക്കാൻ വൻ സജ്ജീകരണങ്ങളാണ് ചെമ്പഴന്തിയിൽ ഒരുക്കിയിട്ടുള്ളത്. വിശേഷാൽ പൂജകൾക്കും മറ്റു ചടങ്ങുകൾക്കും ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നൽകി.
ചെമ്പഴന്തി ഗുരുകുലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട്, വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ മധുസൂദനൻ, മുൻ അംഗം പ്രദീപ് ദിവാകരൻ, യോഗം കൗൺസിലർമാരായ ബിജുകരിയിൽ, ബിജു താളംകോട്, അജിത് ഘോഷ്, അയിരൂപ്പാറ ചന്ദ്രബാബു, ലൈജു കണിയാപുരം, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീകണ്ഠൻ, സെക്രട്ടറി അരുൺ എം.എൻ. യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി, സെക്രട്ടറി ശുഭ .എസ്.എസ് വിവിധ ശാഖാ ഭാരവാഹികളായ കരിയിൽ ശിവപ്രസാദ്, കെ.ടി.രാമദാസ്, പ്രദീപ് പൊന്നലയ, രാജീവ് താളംകോട്, വിക്രമൻ ശ്രീകാര്യം, രാജേന്ദ്രൻ ചെല്ലമംഗലം, ഷിജോ കൈലാത്ത്കോണം, ശശിധരൻ കണിയാപുരം, ഗിരീഷ്പാങ്ങപ്പാറ, ചന്ദ്രബാബു ആറ്റിപ്ര, സുരേഷ് കുളക്കണ്ട, ഷിബു ശാസ്തവട്ടം എന്നിവർ നേതൃത്വം നൽകി. പദയാത്രയ്ക്ക് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിലും വിവിധ യോഗം ശാഖകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലും സ്വീകരണം നൽകി. പദയാത്ര വൈകിട്ട് ശിവഗിരി മഹാസമാധിയിലെത്തിച്ചേർന്നു.