തിരുവനന്തപുരം: പുതിയ വർഷം എപ്പോഴും പ്രതീക്ഷകളുടേതുകൂടിയാണ്. 'നാളെ മുതൽ ഞാൻ നന്നാവും" എന്ന് പ്രതിജ്ഞ എടുക്കുന്നവരും പുതുവർഷത്തെ ആഘോഷത്തിന്റെ തിരയിലും നുരയിലും മുക്കി വരവേൽക്കാനൊരുങ്ങുന്നവരും തുടങ്ങി 'ഓ.. നമുക്കെന്ത് ന്യൂഇയർ, എല്ലാ ദിവസം പോലെ നാളെയും' എന്ന് പറഞ്ഞ് മൂടിപ്പുതച്ചുറങ്ങുന്നവർ വരെ എല്ലാർക്കും പുതിയ വർഷം പുതിയ പ്രതീക്ഷയാണ്. പുതുവർഷത്തെ കളറാക്കാൻ നഗരത്തിലുടനീളം പുലർച്ചെവരെ നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2020 എന്ന മാജിക് അക്കത്തിന് ഇനി ഒരു പകലും രാത്രിയും കൂടി മാത്രം അവശേഷിക്കേ ആഘോഷങ്ങളുടെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു.
ബീച്ചുകളിലെ ആഘോഷപൂരം; ശംഖുംമുഖത്ത് പരിപാടികളൊന്നുമില്ല
പുതുവത്സരാഘോഷങ്ങളുടെ മുഖ്യവേദിയാണ് ബീച്ചുകൾ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോവളത്ത് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വെടിക്കെട്ടും വൈദ്യുത ദീപാലങ്കാരവും ഘോഷയാത്രയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. വൈകിട്ട് 5.30ന് ഹോട്ടലുകൾ, പൗരസമിതികൾ എന്നിവയെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രയുമുണ്ടാവും. രാത്രി 11.55 ന് വർണാഭമായ വെടിക്കെട്ട്. രാത്രി 12ന് ശേഷം തീരത്ത് നിൽക്കാൻ ആരെയും അനുവദിക്കില്ല. ലൈറ്റണച്ചുള്ള ആഘോഷങ്ങളുമില്ല. കനത്ത സുരക്ഷയാണ് പൊലീസ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സഞ്ചാരികൾക്കായി സൗജന്യ വൈദ്യസഹായവും ആംബുലൻസ് സർവീസുമുണ്ടായിരിക്കും.
ജില്ലയിൽ ഒരിടത്തും ടൂറിസം വകുപ്പ് നേരിട്ട് ഇത്തവണ പരിപാടികളൊന്നും സംഘടിപ്പിക്കുന്നില്ല. ശംഖുംമുഖത്തും ഈ വർഷം പരിപാടികളൊന്നുമില്ലെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ നിന്ന് ലഭിച്ച വിവരം. എല്ലാ വർഷവും പുതുവത്സരാഘോഷത്തിന്റെ ഭാഗമാകുന്ന ശംഖുംമുഖത്ത് ഇത്തവണ പരിപാടികളൊന്നുമില്ലാത്തത് പ്രദേശവാസികൾക്കടക്കം നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സ്ഥിരമായി ഇവിടെ ന്യൂഇയർ ആഘോഷിക്കുന്ന പലരും ഹോട്ടലുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.
പൂന്തുറ, പനത്തുറ, പുതിയതുറ തുടങ്ങിയ ബീച്ചുകളിൽ തദ്ദേശവാസികളുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപേ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പൊടിപൊടിക്കാനൊരുങ്ങി ഹോട്ടലുകളും
നഗരത് തിലെ പ്രമുഖ ഹോട്ടലുകളും ക്ലബുകളുമെല്ലാം പുതുവർഷത്തെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേ തന്നെ പ്രധാന ഹോട്ടലുകളിലെല്ലാം പുതുവത്സര പാർട്ടികൾക്ക് ബുക്കിംഗ് ഫുള്ളായെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. രാത്രി 7 മുതൽ ആഘോഷങ്ങൾക്ക് കൊടിയുയരും.
മസ്കറ്റ് ഹോട്ടലിൽ ഇത്തവണയും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡി.ജെ പാർട്ടി, മാജിക് ഷോ, ഫ്യൂഷൻ ഡാൻസ്, വിനോദ മത്സരങ്ങൾ, വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്ന പരിപാടിക്ക് ദമ്പതികൾക്ക് 4,000 രൂപയും ഒരാൾക്ക് 3,000 രൂപയുമാണ്. 12 വയസിൽ താഴെയുള്ളവർക്ക് 1500 രൂപ. ഇന്ന് വൈകിട്ട് 8ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഡിസ്കൗണ്ടും ലഭിക്കും.
ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ രാത്രി 7 മുതൽ ഡി.ജെ മഹിയും ടീമും നയിക്കുന്ന പാർട്ടി ആരംഭിക്കും. ഹോട്ടൽ ഹൈസിന്തിൽ ആഘോഷങ്ങൾക്കെത്തുന്നവരെ കാത്ത് നിരവധി സമ്മാനങ്ങൾ തയ്യാറായികഴിഞ്ഞു. കോവളം കൺട്രി ക്ലബ്, എസ്.പി ഗ്രാൻഡ് ഡേയ്സ്, ഒ ബൈ താമര, ദ റസിഡൻസ് ടവർ, താജ് വിവാന്ത, ഹോട്ടൽ ഹൊറൈസൺ, സൗത്ത് പാർക്ക്, കഴക്കൂട്ടം അവോക്കി റിസോർട്ട്സ് തുടങ്ങിയവയിലെല്ലാം ഡി.ജെ പാർട്ടികൾ ഒരുക്കിയിട്ടുണ്ട്. സ്പോർട്സ് ഹബിൽ നടക്കുന്ന ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 6ന് ആരംഭിക്കും. ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ് എന്നിവിടങ്ങളിലും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഓഫറുകളുടെ ന്യൂഇയർ
ക്രിസ്മസ്-ന്യൂഇയർ പ്രമാണിച്ച് വിപണിയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഓഫറുകളുടെ പെരുമഴ പെയ്ത് തോർന്നിട്ടില്ല. വസ്ത്രശാലകളും ജുവലറികളും തുടങ്ങി നഗരത്തിലെ മാളുകളിൽ വരെ പുതുവർഷ ഡിസ്കൗണ്ടും സമ്മാനങ്ങളും തീർന്നിട്ടില്ല. മിക്ക മാളുകളിലും പുതുവത്സരാഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ദേവാലയങ്ങളിലും പുതുവർഷത്തെ വരവേൽക്കാൻ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്.
സുരക്ഷാ വലയമൊരുക്കി പൊലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കി സിറ്റി പൊലീസ്. അഡി.കമ്മിഷണർ ഹർഷിത അട്ടല്ലൂരിയുടെയും ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യയുടെയും നേതൃത്വത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥർ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. 31ന് ഉച്ചയോടെ സി.ഐ, എസ്.ഐ, ജനമൈത്രി ബീറ്റ് ഓഫീസർമാർ, പട്രോളിംഗ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ എല്ലാ റോഡുകളിലും റോന്തുചുറ്റി നിരീക്ഷിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യും. പകലും രാത്രിയും ഇടറോഡുകൾ പരിശോധിക്കുന്നതിനു ബൈക്ക് ബൂസ്റ്റർ പട്രോളിംഗും ആശ്വാരൂഢസേനയും രംഗത്തുണ്ടാവും. സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പട്രോൾ, പിങ്ക് ബീറ്റ് എന്നിവയും രംഗത്തുണ്ടാവും. കോവളത്ത് ഓഫീസർമാരുൾപ്പെടെ 300 ലേറെ പൊലീസുകാരെ നിയോഗിക്കും. ബീച്ചിലും പരിസരങ്ങളിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ക്രമസമാധാന പാലനത്തിന് നഗരത്തിലും കോവളത്തും കുതിര പൊലീസിനെയും രംഗത്തിറക്കും.
നഗരത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാൻ കൺട്രോൾ റൂമിലെ നിലവിലുള്ള കാമറകൾക്ക് പുറമേ കോവളം, ശംഖുംമുഖം, മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളിൽ ഒളികാമറകൾ സ്ഥാപിക്കും. കുഴപ്പക്കാരെ പിടികൂടാനാണിത്. പോക്കറ്റടി, സ്ത്രീകളെ ശല്യംചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാഹനങ്ങളിൽ മൂവിംഗ് കാമറകൾ ഘടിപ്പിച്ച് നഗരത്തിലുടനീളം പ്രത്യേക പട്രോളിംഗ് നടത്തും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ ഓഫീസുകളിലും നൽകിയിട്ടുള്ള കാമറകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തും. മോഷണം, കവർച്ച, മറ്റ് ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ തടയാൻ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷണത്തിലാക്കി, കുഴപ്പക്കാരെ അറസ്റ്റു ചെയ്ത് ജയിലിലാക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികൾ രാത്രി 10ന് ഓഫാക്കണം. നിർദ്ദേശിച്ചിരിക്കുന്ന ഡെസിബെല്ലിലേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ. ഹോട്ടലുകളിലും പുതുവത്സരാഘോഷങ്ങൾ നടത്തുന്ന സ്ഥലങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കരുത്. ബിയർ വൈൻ പാർലറുകളും ബാറുകളും നിശ്ചിത സമയത്തു തന്നെ പൂട്ടണം. ഇത് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീട് പൂട്ടി യാത്രപോകുന്നവർ വിവരം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജനമൈത്രി സുരക്ഷാ ബീറ്റ് ഓഫീസർമാരെയോ അറിയിക്കണം.
കോവളത്തെ സുരക്ഷയുടെ ഏകോപനം ഹവ്വാ ബീച്ചിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിൽ നിന്നാവും. ബീച്ച് നടപ്പാതകളിലെ സിസി ടിവി കാമകളെക്കൂടാതെ തീരത്ത് പത്ത് ടവറുകൾ സ്ഥാപിച്ച് പ്രത്യേകം സിസി ടിവി കാമറാ നിരീക്ഷണമൊരുക്കും. ഇവയെല്ലാം പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. ഇടവഴികളുൾപ്പെടെയുള്ള എല്ലായിടത്തും മഫ്ടിയിൽ പ്രത്യേക പൊലീസ് സേനാ സാന്നിദ്ധ്യമുണ്ടാവും. പുതുവത്സരത്തലേന്ന് രാവിലെ മുതൽ ബീച്ച് റോഡിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാവും. മദ്യമുൾപ്പെടെയുള്ള ലഹരി വസ്തുക്കളൊന്നും തീരത്ത് അനുവദിക്കില്ല. ഹവ്വാ ബീച്ചിലേക്കുള്ള കയറ്റിറക്ക റോഡ് വൺവേയാക്കും. തീരത്തു നിന്നു തിരികെ പോകാനുള്ള വാഹനങ്ങൾ തിരിഞ്ഞു ആഴാകുളത്തെ റോഡിൽ കയറി പോകണം. ബീച്ച് റോഡിലേക്ക് വലിയ വാഹനങ്ങളെ കടത്തി വിടില്ല. വലിയ വാഹനങ്ങൾ കോവളം ജംഗ്ഷനിൽ ബൈപാസ് റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കാതെ പാർക്ക് ചെയ്യണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ തീരത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൽകി. നിബന്ധനകൾ ലംഘിച്ചാൽ നിയമനടപടിയെടുക്കും.