തിരുവനന്തപുരം : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നാളെ മുതൽ നഗരവാസികൾക്ക് പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിറുത്തേണ്ടിവരും. കർശന പരിശോധനയിലൂടെ പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ചുമത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പ്ലാസ്റ്റിക് വിൽക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക് കവറുമായി കടകളിലെത്തുന്നതും നിയമവിരുദ്ധമാണ്. നഗരസഭയിൽ ഹെൽത്ത് സ്ക്വാഡ് നാളെ മുതൽ പരിശോധന തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ബോധവത്കരണ പരിപാടികൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ. എന്നാൽ ഉടനടി പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കാൻ സാദ്ധ്യമല്ലെന്ന നിലപാടിലാണ് വ്യാപാരികളുടെ സംഘടനകൾ. ഇതോടെ പ്ലാസ്റ്റിക്കിനെ തുരത്താനുള്ള ശ്രമങ്ങൾ അത്ര എളുപ്പമാകില്ലെന്ന് ഉറപ്പായി.
10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ
പ്ലാസ്റ്റിക്ക്, നോൺവൊവൻ പോളിപ്രൊപ്പലീൻ കാരിബാഗുകൾ, പ്ലാസ്റ്റിക് മേശവിരികൾ, പ്ലാസ്റ്റിക് സ്റ്റൈറോഫോം എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റ്, കപ്പ്, സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷ്, ബൗൾ, ഗാർബേജ് ബാഗ്, പി.വി.സി ഫ്ളക്സ്, പ്ലാസ്റ്റിക് വാട്ടർ പൗച്ച്, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ, 300 മി.ലി താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്.
1600 മുതൽ 2000 കോടി രൂപയുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപാരികൾ കച്ചവടത്തിനായി വാങ്ങിയിട്ടുണ്ടെന്നും സർക്കാരിന് നികുതി നൽകിയ വാങ്ങിയ ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിറ്റു തീർക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കാൻ സാദ്ധ്യമല്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. കൂടാതെ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ വിപണയിലെത്താതെ നിരോധനം നടപ്പാക്കിയാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടിയ വില നൽകി വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.
ബോധവത്കരണ പരിപാടി നഗരത്തിൽ വ്യാപകമായി നടത്തി. നാളെ മുതൽ വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. നഗരസഭ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ ഇതിനോടകം വിപണിയിലത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉത്പന്നങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. കെ.ശ്രീകുമാർ, (മേയർ)
പ്ലാസ്റ്റിക് നിരോധനവുമായി ഉടൻ സഹകരിക്കാനാകില്ല. വ്യാപാരികൾക്ക് നഷ്ടമുണ്ടാകും. അയൽ സംസ്ഥാനങ്ങളിൽ നിരോധനമില്ലാത്തതിനാൽ ഉടനടി പ്ലാസ്റ്റിക് നിരോധിച്ചാൽ പാൻമസാല നിരോധിച്ചത് പോലെയാകും. അവിടെ നിന്നുള്ള സാധനങ്ങൾ ഇവിടെ കൂടിയ വിലയ്ക്ക് എത്തുന്ന സ്ഥിതിയുണ്ടാകും.
പെരിങ്ങമ്മല രാമചന്ദ്രൻ (ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി)
പ്ലാസ്റ്റിക് ബദൽ തയ്യാറെന്ന് നഗരസഭ
2017 മാർച്ച് മുതൽ നഗരത്തിൽ പ്ലാസ്റ്റിക്, നോൺവോവൻ പോളിപ്രൊപ്പലീൻ കാരിബാഗുകൾ എന്നിവയ്ക്ക് നഗരസഭ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒരു വിഭാഗം വ്യാപാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അതിനാൽ പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കാനുള്ള സർക്കാർ നിർദേശം വ്യാപരികൾ പൂർണമായും പാലിക്കുമെന്നുമാണ് നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ പ്രതീക്ഷ.
പ്ലാസ്റ്റിക് ബദൽ വേണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് നഗരസഭയ്ക്കുള്ളത്. നിലവിൽ നഗരത്തിലെ അഞ്ചിടങ്ങളിൽ പ്ലാസ്റ്റിക് പേപ്പർ ബാഗുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ആറുമാസം മുമ്പ് മുട്ട, കുന്നുംപാറ, പോങ്ങുംമൂട്, വള്ളക്കടവ്, നെട്ടയം എന്നിവിടങ്ങളിൽ നിന്നായി ഒരുലക്ഷത്തോളം ബാഗുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ചതായി നഗരസഭാ അധികൃതർ അവകാശപ്പെടുന്നു. അഞ്ച് സ്ഥലങ്ങളിൽ കൂടി നിർമ്മാണകേന്ദ്രങ്ങൾ ആരംഭിച്ച് ആവശ്യാനുസരണം ബദൽ ഉത്പനങ്ങൾ വിപണയിലെത്തിക്കാനാണ് തീരുമാനം.