തിരുവനന്തപുരം; ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. അകിറാ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമ്മാണ മാതൃക അനുസരിച്ച് കനകക്കുന്ന് വളപ്പിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒരുവയസാകുന്നു. ഈ വർഷം ജനുവരി 2നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനത്തെ സർക്കാർ മേഖലയിൽ തയ്യാറാക്കിയ ആദ്യ മിയാവാക്കി മാതൃകാവനം ഉദ്ഘാടനം ചെയ്തത്. 120 ഇനങ്ങളിലായി 426 ചെടികളാണ് അഞ്ച് സെന്റിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. താന്നി, ആര്യവേപ്പ്, രാമച്ചം, നോച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ, പേരാൽ, ചമത, അശോകം എന്നിവയാണ് ഇവിടെ നട്ടു വളർത്തിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ജൈവ മിശ്രിതത്തിലാണ് ഇവ നട്ടിരിക്കുന്നത്.
മരങ്ങളും കാടുകളും ഇല്ലാതായി മനുഷ്യന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിയുന്ന അവസ്ഥയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകൾ സൃഷ്ടിച്ചത്. മിയാവാക്കി മാതൃക പ്രകാരം കുറഞ്ഞത് രണ്ടര സെന്റിൽ ഒരു സ്വാഭാവിക വനം വച്ചു പിടിപ്പിക്കാം. 70 മുതൽ 100 വരെ ഇനത്തിലുള്ള സസ്യങ്ങൾ ഈ സ്ഥലത്ത് നട്ടുവളർത്തണം. ഉയർന്ന മരങ്ങൾ, വള്ളികൾ, കുറ്റിച്ചെടികൾ, അടിക്കാട്ടിലെ ചെടികൾ ഇവയൊക്കെ ഒാരോ ചതുരശ്ര മീറ്ററിലും ഇടകലർത്തി നട്ടാണ് കാട് വളർത്തുന്നത്. ഇത്രയും സ്ഥലത്ത് നാലിനം ചെടികൾവരെ വച്ചുപിടിപ്പിക്കാം. ആദ്യ മൂന്നു വർഷം കള പറിക്കുകയും വെള്ളവും വളവും നൽകുകയും വേണം. പിന്നീട് അവ സ്വാഭാവികമായി വളരും. ഈ മാതൃകയിൽ ചെടികൾ ഒരു വർഷം കൊണ്ട് മൂന്നു മീറ്റർ ഉയരത്തിലെത്തി പത്തു വർഷത്തെ വളർച്ച നേടും. പത്തു വർഷം പൂർത്തിയാക്കിയ മിയാവാക്കി വനത്തിൽ നൂറു വർഷത്തെ സ്വാഭാവിക വനത്തിന്റെ വളർച്ച കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടായിരത്തോളം ഇടങ്ങളിലായി അഞ്ചു കോടിയിൽ പരം മിയാവാക്കി മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.