തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. സഭയിൽ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. നിയമം ഭരണഘടനാ വിരുദ്ധമെന്നും മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതി പ്രമേയത്തെ എതിർത്ത് ബി.ജെ.പി നേതാവ് ഒ രാജഗോപാൽ രംഗത്തെത്തി. പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നിറുത്തിവയ്ക്കണമെന്ന പ്രമേയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിക്കും.
ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് നിയമസഭ ചേരണമെന്ന നിർദേശം ഉയർന്നത്. തുടർന്ന്, അടിയന്തര മന്ത്രിസഭ ചേർന്ന് ഗവർണർക്ക് ശുപാർശ നൽകുകയായിരുന്നു. പട്ടിക വിഭാഗം സംവരണം 10 വർഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നൽകലാണ് സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ട.