ന്യൂഡൽഹി: പാക് ഭീകരർ നടത്തിയ ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ മിന്നൽ മറുപടിയുടെ (സർജിക്കൽ സ്ട്രൈക്ക്) സൂത്രധാരനാണ് നാളെ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽക്കുന്ന ജനറൽ ബിപിൻ റാവത്ത്. 2016 സെപ്തംബർ 18 ന് 18 സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഉറി ആക്രമണത്തിന് പതിനൊന്നു ദിവസങ്ങൾക്കു ശേഷം, 29 ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മരണസംഖ്യ അമ്പതോളമെന്ന് ഒടുവിൽ പാകിസ്ഥാനു തന്നെ സമ്മതിക്കേണ്ടി വന്നു. അന്നത്തെ മിന്നലാക്രമണത്തിൽ ഇന്ത്യയുടെ കിറുകൃത്യത ലോകത്തെ വമ്പൻ സൈനിക ശക്തികളെപ്പോലും അമ്പരപ്പിക്കുന്നതായി. ഒറ്റയാളുടെ തിരക്കഥയായിരുന്നു അത്- ജനറൽ ബിപിൻ റാവത്തിന്റെ.
ഗൂർഖാ റജിമെന്റിലെ മുൻ ലഫ്. ജനറൽ ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകനായാണ് ബിപിൻ സിംഗ് റാവത്തിന്റെ പിറവി. സ്വദേശം ഉത്തരാഖണ്ഡിലെ പൗരി. സ്കൂൾ കാലഘട്ടം ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിൽ പൂർത്തിയാക്കിയ ബിപിന്റെ തുടർപഠനം നാഷണൽ ഡിഫൻസ് അക്കാഡമിയിലായിരുന്നു. 1976 ൽ അക്കാഡമിയിൽ നിന്ന് സ്വർണമെഡലോടെ ജയം.
അച്ഛനെപ്പോലെ ഗൂർഖാ റജിമെന്റിൽത്തന്നെ സൈനിക ജീവിതത്തിന് തുടക്കം. കാശ്മീർ അടക്കം അതീവ സംഘർഷ മേഖലകളിലായിരുന്നു സേവനത്തിന്റെ അധിക കാലവും. ബാരാമുള്ളയിലെ ഉറി, വടക്കുകിഴക്കൻ പ്രവിശ്യയിൽ 11ാം ബറ്റാലിയൻ എന്നിവയിൽ കമാൻഡറായി. വടക്കൻ കാശ്മീരിലെ സോപോറിൽ രാഷ്ട്രീയ റൈഫിൾസിനെയും നയിച്ചു. അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിലും ചുറുചുറുക്കുള്ള സൈനിക ഓഫീസറായിരുന്നു ബിപിൻ. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടറേറ്റിലും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചു.
2015 ൽ മണിപ്പൂരിൽ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരർ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ആക്രമണ പദ്ധതികൾക്ക് രൂപം നൽകിയതും ബിപിൻ റാവത്ത് ആയിരുന്നു. അതിർത്തി കടന്ന് മ്യാൻമറിലെ ഒളിത്താവളങ്ങൾ ചുട്ടെരിച്ച എലൈറ്റ് പാരാ ഫോഴ്‌സ് നൂറിലേറെ നാഗാ ഭീകരരെയാണ് വധിച്ചത്.
ഓപ്പറേഷണൽ കമാൻഡിലെ വൈദഗ്ദ്ധ്യത്തിന് റാവത്തിനു ലഭിച്ചത് അഞ്ച് സൈനിക ബഹുമതികൾ. 2016 ൽ കരസേനാ മേധാവിയായി. മധുലിക റാവത്താണ് ഭാര്യ.
പൗരത്വ ബിൽ വിവാദം
പൗരത്വ ബില്ലിനെ പിൻതുണച്ച് ബിബിൻ റാവത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വലിയ കോലാഹലമാണുയർത്തിയത്. സൈനിക മേധാവി പദവി മറന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായെന്നായിരുന്നു പ്രധാന ആരോപണം.
ശേഷം സർക്കാർ പദവി പാടില്ല
ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനമൊഴിഞ്ഞ ശേഷം ഒരു സർക്കാർ പദവിയും വഹിക്കാൻ പാടില്ല. ഒരു സ്വകാര്യ സ്ഥാപനത്തിലും അഞ്ചു വർഷത്തേക്ക് ഒരു പദവിയും സ്വീകരിക്കാനാവില്ല. അതിനു ശേഷം കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്വീകരിക്കാം.
കാർഗിൽ പഠിപ്പിച്ച പാഠം
1999 ലെ കാർഗിൽ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രതിരോധ മന്ത്രാലയത്തിന് ബോദ്ധ്യമായത്. യുദ്ധകാലത്ത് മൂന്നു സേനകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാർഗിൽ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇന്ത്യ - പാക് അതിർത്തി വഴി നുഴഞ്ഞുകയറിയ പാക് ചാരന്മാരും സൈനികരും കാർഗിലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിച്ച ശേഷമാണ് സേനകളുടെ ഇന്റലിജൻസ് വിഭാഗത്തിനു പോലും ഇക്കാര്യം അറിയാനായത്. കിട്ടിയ വിവരങ്ങൾ പരസ്പരം കൈമാറുന്നതിലും സേനകൾക്ക് വീഴ്ച പറ്റിയിരുന്നു.