yogi

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രിയങ്കക്ക് എതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. ''പൊതുജനക്ഷേമത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തരമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ആരും ശിക്ഷിക്കപ്പെടും" എന്നാണ് യോഗിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവർക്കും, ആരെയെങ്കിലും, പ്രീതിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുന്നവർക്കും, സേവന മനോഭാവം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഭഗ്വാ മേം ലോക് കല്യാൺ" (കുങ്കുമത്തിലെ പൊതുക്ഷേമം) എന്ന ഹാഷ്ടാഗോടു കൂടിയാണ് യോഗി ട്വീറ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നു വീണ്ടും മുന്നറിയിപ്പ് നൽകുകയാണ് യോഗി. പ്രക്ഷോഭകരെ ഭയപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ സമാധാനം വീണ്ടെടുത്തു എന്ന യോഗിയുടെ പ്രസ്താവന നേരത്തെയും വിവാദം ആയിരുന്നു. ഇതിനു പിന്നാലെയാണ് യോഗിക്കെതിരായ പ്രിയങ്കയുടെ വിമർശനം. കാവി ഇന്ത്യയുടെ ധാർമിക മൂല്യത്തിന്റെ പ്രതീകമാണ്. യോഗി ആദിത്യനാഥിന് അതു ചേരില്ലെന്നും ആയിരുന്നു പ്രിയങ്കയുടെ പ്രസ്താവന. കാവി ധരിച്ച് അക്രമത്തിനും, പ്രതികാരത്തിനും യോഗി നേതൃത്വം നൽകുകയാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.