ഭാരതത്തിലും ലോകത്തിലും ഇന്നു നിരവധി തീർത്ഥാടനകേന്ദ്രങ്ങളുണ്ട്. അവയെല്ലാം തന്നെ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ സങ്കല്പത്തിന്റെയോ ഐതിഹ്യത്തിന്റെയോ ഒക്കെ പിൻബലത്തിൽ മനുഷ്യനെ ആകർഷിക്കുന്നതാണ്. ഇത്തരം പിൻബലമേകുന്ന തീർത്ഥാടനങ്ങൾക്ക് കാലത്തിന്റെ മാറ്റവും ശാസ്ത്രത്തിന്റെ മുന്നേറ്റവും ചിന്തയുടെയും വീക്ഷണത്തിന്റെയും ഗതിയിലുണ്ടാകുന്ന പരിവർത്തനങ്ങളും കൊണ്ട് കാലാകാലങ്ങളിൽ വൃദ്ധിയോ ക്ഷയമോ ഉണ്ടാകാം. ഇതനുസരിച്ച് ഇത്തരം തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യന്റെ ഗമനാഗമനങ്ങൾക്കും തളർച്ചയോ വളർച്ചയോ സംഭവിക്കുമെന്നതിനു അനേകം ഉദാഹരണങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ട്. സാധാരണക്കാർ അധികവും ഇത്തരം തീർത്ഥാടനങ്ങളിൽ പങ്കുകൊള്ളുന്നതു തന്നെ പാപം പോക്കുന്നതിനോ പുണ്യം നേടുന്നതിനോ വേണ്ടിയാണ്. അതുകൊണ്ടു തന്നെ ഇവയെല്ലാം താത്കാലിക ഫലങ്ങൾക്ക് വേണ്ടി മാത്രമുള്ളതായി പരിമിതപ്പെടുകയാണ്. ആത്യന്തികമായി ജീവിതലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനു ശാശ്വതമായ വഴിയും മാർഗവും വെളിച്ചവുമേകുന്നതാണ് ശരിയായ തീർത്ഥാടനമെന്നത്. ഇതായിരുന്നു ഗുരുദേവന്റെയും തീർത്ഥാടനസങ്കല്പം. ശരീരത്തിന്റെ എല്ലാ അംശത്തിലും പ്രാണന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതുപോലെ ജീവിതത്തിന്റെ സമസ്തതലങ്ങളിലും തീർത്ഥാടനത്തിന്റെ സത്ത അനുഭവവേദ്യമാകണമെന്നതായിരുന്നു ഗുരുവിന്റെ നിശ്ചയം. ഈ ആശയബഹുലതയിൽ നിന്നുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പിറവിയെന്നു തീർത്ഥാടനം സംബന്ധിച്ചുള്ള ഗുരുവാണികൾ ശ്രദ്ധിച്ചാൽ നമുക്ക് ബോദ്ധ്യമാകും.
മനുഷ്യനെ ഒരു സമ്പൂർണമനുഷ്യനും, ലോകത്തെ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകവും ആക്കി പുനരവതരിപ്പിക്കുക എന്നതാണു ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രപരമായ ദൗത്യം. ഈ നിറവേറലിനു പ്രഥമമായും പ്രധാനമായും വേണ്ടത് മനുഷ്യന്റെ ആന്തരികമായ രൂപാന്തരീകരണമാണ്. മനുഷ്യൻ ആന്തരികമായി മാറുന്നതിലൂടെയാണ് ലോകത്തിനും മാറ്റമുണ്ടാകുന്നത്. മനുഷ്യനു ആന്തരികമായ മാറ്റമുണ്ടായാൽ ലോകത്തിന്റെ ബാഹ്യമായ ഘടനയിലും വ്യവഹാരത്തിലുമെന്നല്ല സമസ്തതലങ്ങളിലും പുരോഗമനാത്മകമായ മാറ്റമുണ്ടാകും. ഈ മാറ്റത്തിലൂടെ സർവാത്മഭാവത്തിലേക്ക് ഉയരാനുള്ള അറിവിന്റെ ശ്രീകോവിലിലേക്കാണു ശിവഗിരി തീർത്ഥാടനം മനുഷ്യനെ നയിക്കുന്നത്. നാം നേടുന്ന ഏതൊരറിവും അപരപ്രകൃതിക്ക് അധീനമായാൽ അതു ഗുണത്തെക്കാൾ ദോഷവും സുഖത്തെക്കാൾ ദുഃഖവും പരിഹാരത്തെക്കാൾ പ്രതിസന്ധികളും സ്വാതന്ത്ര്യത്തേക്കാൾ അസ്വാതന്ത്ര്യവുമാണ് നമുക്ക് നല്കുക. ഇത്തരക്കാർക്ക് അരനൊടി ആയിരമാണ്ടുപോലെ തോന്നുമെന്നാണ് ഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ യഥാർത്ഥമായ അറിവിന്റെ പരമസീമയിലെത്തിയവൻ പരയുടെ പാലുനുകർന്ന ഭാഗ്യവാനാണ്. അവനാകട്ടെ ആയിരമാണ്ട് ഒരല്പനേരമായേ തോന്നുകയുള്ളൂ.
പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർ-
ക്കൊരു പതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെതോന്നും.
(ആത്മോപദേശശതകം 15)
ഇപ്രകാരം ശരിയുടെ മാറ്റമില്ലാത്ത നിലയിലേക്ക് മനുഷ്യനെ നയിക്കുന്ന അറിവാണ് ലോകത്തിന്റെ അഭ്യുന്നതിക്കും ശാന്തിക്കും അടിത്തറയേകുന്നത്. മറ്റെന്തുകൊണ്ടും ഉണ്ടാകുന്ന ഉയർച്ച സ്ഥിരമായതല്ല. സമ്പത്തുകൊണ്ടും ശക്തികൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഏതൊരുയർച്ചയും മറ്റൊരു താഴ്ചയിലേക്കുള്ള സാദ്ധ്യതകൂടി ഉൾക്കൊള്ളുന്നതാണെന്നറിയണം.
ജാതിമതദേശഭാഷാപരവും വിശ്വാസ ആചാരപരവുമായ യാതൊരു ഭേദങ്ങളുമില്ലാതെ ലോകത്തെ സമസ്തമനുഷ്യർക്കും സമഭാവനയുടെയും സമബുദ്ധിയുടെയും നിറവിൽ ഈ തീർത്ഥാടനപാഥേയത്തിലൂടെ സഞ്ചരിക്കാം. മറ്റു തീർത്ഥാടനങ്ങൾ പൊതുവിൽ വിശ്വാസത്തിനും ആചാരത്തിനും കരുത്തേകുമ്പോൾ ശിവഗിരി തീർത്ഥാടനം അറിവിലൂടെ ഒരു സ്വയം നവീകരണത്തിനുള്ള കരുത്തും സാദ്ധ്യതകളുമാണ് നല്കുന്നത്.
കേരളത്തിന്റെയും ഭാരതത്തിന്റെയുമെന്നല്ല ലോകത്തിന്റെ തന്നെ അഭിവൃദ്ധിക്കും വിശ്വമാനവികതയ്ക്കും ശിവഗിരി തീർത്ഥാടനം ഇതിനകം നല്കിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അതിന് കാരണം അതിരുകളും പരിമിതികളുമില്ലാത്ത ഗുരുദേവന്റെ മഹാദർശനത്തിൽ നിന്നുമാണു ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമയേറുന്ന ഉള്ളടക്കം സംരചിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. ഈ വിധം സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും വിളക്കും വെളിച്ചവുമായിത്തീരാൻ തക്കവിധം മനുഷ്യനെ പരിവർത്തനപ്പെടുത്തുന്ന ദാർശനികാടിത്തറയാണ് 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെയും ഉള്ളടക്കം.