cm-pinarayi-vijayan-

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. നി​യ​മം രാജ്യത്തും പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും, മതനിരപേക്ഷത തകർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തിൽ തെറ്റായ സന്ദേശമാണ് ഉയർത്തിയത്. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്‍റേ‍യല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെൻസസ് പ്രവർത്തനങ്ങൾ. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ പ്രകാരം സെൻസസ് നടപടികൾ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

പൗരത്വത്തിൽ നിന്ന് പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാനുളള തടങ്കൽപ്പാളയങ്ങൾ കേരളത്തിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തടങ്കൽപ്പാളയങ്ങൾക്കുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കില്ല. പൗരത്വ നിയമ ഭേദഗതി റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണം. പ​ട്ടി​ക വി​ഭാ​ഗം സം​വ​ര​ണം 10 വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കുന്ന പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിച്ചു.

അതേസമയം, പൗ​ര​ത്വ നി​യ​മ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിതി സംബന്ധിച്ച പ്രമേയത്തെ ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എതിർത്തു. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.

പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തോടൊപ്പം രാജ്യത്തെ ഹിന്ദുക്കളും കൂടെയുണ്ടാവുമെന്ന് സഭയിൽ വി.ഡി സതീശൻ എം.എൽ.എ വ്യക്തമാക്കി. ഇന്ത്യയിലെ ഹിന്ദുക്കൾ സംഘപരിവാറുകാരെ പോലെ കപട ദേശീയവാദികളല്ല. അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. ജയിൽ മോചനത്തിനായി ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയിട്ട്, എല്ലാ ഔദാര്യവും ചെയ്ത്, കോൺഗ്രസിന്‍റെ സന്നദ്ധ ഭടന്മാരെ ഒറ്റു കൊടുത്ത അഞ്ചാം പത്തികളല്ല രാജ്യത്തെ ഹിന്ദുക്കൾ. ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരാളോട് ഇന്ത്യവിട്ട് പോകാൻ ആരെങ്കിലും ആജ്ഞാപിച്ചാൽ തിരിഞ്ഞു നിന്ന് ഇത് എന്‍റെ ഇന്ത്യ, ഞങ്ങളുടെ ഇന്ത്യ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന യുവതലമുറയാണ് വളർന്നുവരുന്നത് എന്നതാണ് ആവേശകരമെന്നും വി.ഡി. സതീശൻ പറഞ്ഞു.