ayodhya

അയോധ്യ (ഉത്തർപ്രദേശ്): അയോധ്യയിൽ മുസ്ലിംപള്ളി നിർമിക്കാനാവശ്യമായ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ. യു.പിയിലെ മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങൾ യുപി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. "പഞ്ചോക്സി പരിക്രമ" ത്തിന് വെളിയിലാണ് ഈ അഞ്ച് സ്ഥലങ്ങൾ. ക്ഷേത്രത്തിനു ചുറ്റും 15 കിലോമീറ്റർ ചുറ്റളവിൽ പരിശുദ്ധമായി കരുതുന്ന സ്ഥലമാണ് പഞ്ചോക്സി പരിക്രമ.

അയോദ്ധ്യ വിധിയിൽ സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി നിർമ്മാണവും മറ്റ് പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോർഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാൽ, സർക്കാർ ഈ പ്ലോട്ടുകൾ ബോർഡിന് കൈമാറും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി ആരംഭിച്ചത്.

മുൻപ് ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്തു ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുവാദം നൽകിയിരുന്നു. രാമന്റെ ജന്മഭൂമിയായി ഹൈന്ദവർ കരുതുന്ന സ്ഥലമാണിത്. 1992ൽ കർസേവകർ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. രാജ്യവ്യാപകമായി മാരകമായ കലാപങ്ങൾക്ക് ഇത് കാരണമായിരുന്നു. കഴിഞ്ഞ നവംബർ ഒൻപതിനാണ് അയോദ്ധ്യ കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞത്. വിധിക്കെതിരെ പതിനെട്ട് റിവ്യു ഹർജികൾ വിവിധ കക്ഷികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഡിസംബർ 12ന് കോടതി ഈ ഹർജിളെല്ലാം തള്ളികളഞ്ഞിരുന്നു.