modi-home

ന്യൂഡൽഹി: സെൻട്രൽ വിസ്റ്റയിൽ തൃകോണാകൃതിയിൽ പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2022ഓടെയാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുക. നിലവിലെ പാർലമെന്റ് സമുച്ചയത്തിനടുത്ത് തന്നെയാണ് പുതിയ കെട്ടിടം വരുന്നത്.

ഈ കെട്ടിടത്തിൽ 900 മുതൽ 1000 പേർക്ക് ഇരിക്കാവുന്ന ലോക്‌സഭയാകും ഉണ്ടാകുക. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെവെച്ചാകും നടക്കുക. ഇപ്പോഴുള്ള പാർലമെന്റിന്റെ സെൻട്രൽ ഹാളിന് പകരം രാജ്യസഭയും ഒരു പൊതുഹാളും വരും. അതേസമയം, ഇതൊന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ എതിർവശമായിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി പണിയാനും പദ്ധതിയുണ്ട്. പൈതൃക സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടൊരുങ്ങുന്നത്. അതേസമയം ശാസ്ത്രി ഭവൻ,​ നിർമാൺ ഭവൻ,​റെയിൽ ഭവൻ,​വായു ഭവൻ മുതലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാകും വസതിയുടെ നിർമാണം.

ഡൽഹിയിലെ മറ്റ് നവീകരണ പ്രക്രിയകൾ 2024 ഓടെ പൂർത്തിയാക്കും. നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു സെക്രട്ടറിയേറ്റാകും ഉണ്ടാകുക. ഇപ്പോഴുള്ള നോർത്ത്,​സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റി ജനങ്ങൾക്കായി തുറന്ന് കൊടുക്കും. നവീകരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ കൂടുതൽ പൊതുയിടങ്ങൾ ലഭിക്കുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്നുള്ള വിവരം