kaumudy-news-headlines

1. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. നിയമം ഭരണഘടനാ വിരുദ്ധം എന്ന് മുഖ്യമന്ത്രി. ഇത് മത വിവേചനത്തിന് ഇടയാക്കും. മതം അടിസ്ഥാനമാക്കിയുള്ള വിവേചനം അംഗീകരിക്കാന്‍ ആവില്ല. നിയമം പ്രവാസികള്‍ക്ക് ഇടയിലും ആശങ്ക സൃഷ്ടിക്കുന്നു. നിയമം മത നിരപേക്ഷ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധം എന്നും മുഖ്യമന്ത്രി. എന്നാല്‍ നിയമം സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കരുത് എന്ന് ആവശ്യപ്പെടണം എന്ന പ്രതിപക്ഷ ആവശ്യം പ്രമേയത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. യോജിപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വേവലാതി ഉള്ള ചിലര്‍ ഇവിടെയുണ്ട് എന്ന് പ്രതിക്ഷത്തിന് മുഖ്യന്റെ ഒളിയമ്പ്. അത് ശരിയല്ല, പരമാവധി യോജിപ്പ് വളര്‍ത്തി എടുക്കേണ്ടത് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


2. പ്രമേയത്തെ എതിര്‍ത്ത് ഒ. രാജഗോപാല്‍ രംഗത്ത് എത്തി. തെറ്റായ വാദങ്ങള്‍ ഉയര്‍ത്തി കുതിര കയറാന്‍ ശ്രമിക്കുന്നു എന്ന് രാജഗോപാല്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചവരാണ് വീരവാദം മുഴക്കുന്നത്. പ്രമേയം ഭരണഘടനാ വിരുദ്ധം എന്നും ഭരണഘടന തന്നെയാണ് നിയമ ഭേദഗതിയ്ക്ക് അടിസ്ഥാനം എന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, പട്ടികജാതി- പട്ടിക വര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയത്തിനും ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധ്യം തുടരണം എന്ന് ആവശ്യപ്പെട്ട പ്രമേയത്തിനും നിയമസഭ അംഗീകാരം നല്‍കി.
3. കനത്ത മൂടല്‍ മഞ്ഞ് മൂലം രാജ്യ തലസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം താറുമാറായി. മോശം കാലാവസ്ഥ കാരണം 34 ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. 119 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും തണുപ്പേറിയ ദിവസം ആയിരുന്നു തിങ്കളാഴ്ച. നട്ടുച്ചയ്ക്കു പോലും താപനില ഒമ്പതു ഡിഗ്രി സെല്‍ഷസ് വരെ താണു. പുലര്‍ച്ചെ അതു രണ്ടു ഡിഗ്രിയില്‍ താഴെ ആയിരുന്നു. മൂടല്‍ മഞ്ഞു മൂലം കര, വ്യോമ, റെയില്‍ ഗതാഗതം പൂര്‍ണമായും താറുമാറായിരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതി ശൈത്യം മൂലം ജനുവരി മൂന്നു വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുകയാണ്.
4. കൂടത്തായ് കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഇന്ന് കോടതില്‍ സമര്‍പ്പിക്കും. മുഖ്യ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാലു പ്രതികളുമാണ് കേസിലുള്ളത്. കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ച കേസ് കൂടിയാണിതെന്ന പ്രത്യകതയുമുണ്ട്.
5. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മന്നോട്ട് പോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിരോധനം ഏര്‍പ്പെടുത്തുക, ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക്. ഇത് സംബന്ധിച്ച വിശദ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. പ്ലാസ്റ്റിക് സാധനങ്ങള്‍ നിര്‍മിച്ചാലും വിറ്റാലും കുറ്റകരമാണ്. പിഴയും കഠിനമാണ്. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കില്‍ എടുത്താണ് ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നരോധനം ഏര്‍പ്പെടുത്തുന്നത്.
6. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നരോധിക്കും. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഒക്കെ നിരോധനം ബാധകമാണ്. എന്നാല്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്ന് വച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
7. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധവിയായി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥാനമേറ്റു. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയില്‍ ആണ് സംയുക്ത സേന മേധാവിയുടെ നിയമനം. ഇന്ത്യന്‍ കരസേന മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ആയിരുന്നു അദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുത്തത്. 2016 ഡിസംബര്‍ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്. ലെഫ്നന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി.
8. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനം ആയിരുന്നു സംയുക്ത സേനാ മേധാവി എന്ന ഈ പദവി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയില്‍ എത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപന ചുമതല ഇനി മുതല്‍ ഈ ജനറലിന് ആകും. പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്ത് ആയിരിക്കും. സേനാ മേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കും ഉണ്ടാകും. നിലവില്‍ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന സേനാേ മധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിന്‍ റാവത്ത്
9. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് യുഎസ്. അമേരിക്ക-ഇന്ത്യ സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് ഉത്തേജനം നല്‍കാന്‍ റാവത്തിന്റെ സ്ഥാനലബ്ദി കാരണമാകും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയും ബിപിന്‍ റാവത്തിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ജനറല്‍ റാവത്ത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ സ്ഥാനപതി പറഞ്ഞു. മാലിദ്വീപും റാവത്തിനെ അഭിന്ദിച്ച് രംഗത്തു വന്നിരുന്നു