protest

ലക്നൗ: പി.എഫ്.ഐ (പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ)യെ പൂർണമായി നിരോധിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി ഒ.പി സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമങ്ങൾ നടത്തിയതായി യു.പി. പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളില്‍ യു.പിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഡി.ജി.പി കേന്ദ്രത്തിന് കത്തയച്ചത്.

ഡിസംബർ 19ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. തുടർന്നുണ്ടായ അക്രമത്തിൽ പി.എഫ്.ഐ,​സിമി(സ്റ്റുഡന്റ്സ് ഇസ്‍ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ)​ തുടങ്ങിയ സംഘടനകൾക്ക് പങ്കുള്ളതായും പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നിന്ന് പി.എഫ്.ഐയുമായി ബന്ധമുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതായി യു.പി സർക്കാർ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ യു.പി പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പി.എഫ്.ഐ സജീവമായിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഷംലി,​ മുസാഫർ നഗർ,​ മീററ്റ്,​ബിജിനോർ,​ ബാരാബങ്കി,​ ഗോണ്ട,​ബഹ്റെെച്ച്,​വാരണാസി,​ അഴമഗർ,​ സിതാപൂർ,​ എന്നീ പ്രദേശങ്ങളിലാണ് പി.എഫ്.ഐ സംഘടനകൾ സജീവമായിരിക്കുന്നതായി കണ്ടെത്തിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് യു.പിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.