ന്യൂഡൽഹി, നായർ സാബ്, നാടുവാഴികൾ, അഗ്നിദേവൻ,ഇന്ദ്രപ്രസ്ഥം ഏകലവ്യൻ, ദ കിംഗ് എന്നിങ്ങനെയുള്ള സിനിമകളിലൂടെ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ വ്യക്തിയാണ് നടൻ ദേവൻ. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പുതിയ കാര്യമല്ല. സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ നിരവധി താരങ്ങൾ അത്തരത്തിൽ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയിട്ടുമുണ്ട്. എന്നാൽ മലയാള സിനിമയിൽ പുതിയ ഒരു പാർട്ടി ഉണ്ടാക്കിയ ഒരു നടൻ ഉണ്ടെങ്കിൽ ആ ക്രഡിറ്റ് ദേവന് അവകാശപ്പെട്ടതാണ്.

'കേരള പീപ്പിൾസ് പാർട്ടി'എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയാണ് ദേവൻ വ്യത്യസ്തമായത്. പലരും എതിർത്തിട്ടും എന്തിന് വേണ്ടിയാണ് പാർട്ടി തുടങ്ങിയതെന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവൻ.
'പാർട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായിൽ പോയി. ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്മേറ്റ്സ് അഞ്ചാറ് പേര് എന്നെ കാണാൻ വന്നു. അവരൊക്കെ വലിയ വലിയ നിലകളിൽ ഇരിക്കുന്നവരാണ്. എല്ലാവരും എനിക്ക് ചുറ്റുമിരുന്നു. ആരും ഒന്നും പറയുന്നില്ല. ഓരോരുത്തരും നീ ചോദിക്കെടാ എന്ന് പരസ്‌പരം പറയുന്നു. അവർക്ക് പേടിയാണ് ചോദിക്കാൻ. ഒടുവിൽ നീ എന്തിനാടാ പൊളിറ്റിക്കൽ പാർട്ടി തുടങ്ങിയത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു വേശ്യാലയം അല്ലാലോ തുടങ്ങിയത്. നിങ്ങൾ എല്ലാവരും ചീത്തകാര്യം ചെയ്തപോലെയാണല്ലോ സംസാരിക്കുന്നത്. അപ്പോൾ അവര് പറഞ്ഞു അതല്ലെടാ രാഷ്ട്രീയം ഒരു ചെളിക്കുണ്ടാണ് അതിനകത്ത് വീണാൽ കുഴപ്പമാണെന്നൊക്കെ. അവർക്കറിയാം കോളേജ് ലൈഫിൽ സ്റ്റുഡന്റ് പൊളിറ്റിക്സിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞപ്പോൾ അവർക്ക് മനസിലായി.
മറ്റുള്ളവർക്ക് മനസിലാകാൻ വേണ്ടി അവർ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു .വലിയ ആൾക്കാരൊക്കെ വന്നിട്ടുണ്ട്. ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ പാർട്ടി രൂപീകരിച്ചതെന്ന്. കാരണം ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുവെന്ന് അവർക്ക് മറുപടി നൽകി. ഒരേയൊരു ഉത്തരം എല്ലാവരും കൈയടിച്ചു'-ദേവൻ പറഞ്ഞു