കൊച്ചി: നികുതിവെട്ടിപ്പ് കേസിൽ നടനും, എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ ആഡംബരക്കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്. കാർ രജിസ്റ്റർ ചെയ്യുന്നതിനായി വ്യാജ രേഖകൾ സൃഷ്ടിച്ചെന്നും, മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊച്ചി സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പോണ്ടിച്ചേരിയിലെ എള്ളെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നതിന്റെ രേഖകളാണ് സുരേഷ് ഗോപി നൽകിയിരുന്നത്. ഇതിലൂടെ അവിടെ താമസിച്ചിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ടാക്കി. എന്നാൽ താൻ താമസിച്ചിരുന്നു എന്ന് പറയുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലെന്നു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികളും ഇതേ കാര്യം തന്നെയാണ് വ്യക്തമാക്കിയത്. സുരേഷ് ഗോപി സമർപ്പിച്ച എല്ലാ രേഖകളും വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഏഴു വർഷം വരെ തടവും, പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.