കിടാക്കന്മാരുടെ കണ്ണുകൾ ആ ചോദ്യം കേട്ട് ഇടവലം വെട്ടി.
പ്രജീഷും ചന്ദ്രകലയും!
പക്ഷേ അവരെ ഇട്ടിരിക്കുന്ന മുറിയുടെ വാതിൽ പുറത്തുനിന്ന് ലോക്കുചെയ്തിരിക്കുകയാണല്ലോ...
എങ്കിലും ഈ സമയത്ത് യാതൊരു സംശയവും വിട്ടുകളഞ്ഞുകൂടാ.
കിടാക്കന്മാർ ആ മുറിക്കുനേരെ ഓടി. പുറത്തുനിന്ന് ഓടാമ്പൽ ഇട്ടിരിക്കുന്നതു കണ്ടു.
അപ്പോൾ അവർ രണ്ടുപേരുമല്ല. കിടാക്കന്മാർ ഉറപ്പിച്ചു. പിന്നാലെചെന്ന പരുന്തും കണ്ടു വാതിലിന്റെ അവസ്ഥ.
അയാളുടെ തലച്ചോറിൽ ഒരു കടന്നൽക്കൂട് ഇളകി. താൻ ലോക്കെടുത്തിട്ടിരുന്നത് ഇപ്പോൾ ഈ നിലയിൽ കിടക്കണമെങ്കിൽ ചന്ദ്രകലയും പ്രജീഷും തന്നെ നിധി അടിച്ചുമാറ്റിയത്!
അകത്തു നിന്നുകൊണ്ട് അവർക്ക് പുറത്തെ ലോക്കിടുവാൻ കഴിയില്ലല്ലോ.
''അവരല്ല പരുന്തേ. എനിക്കിപ്പഴും നിന്നെ തന്നെയാ സംശയം."
ശേഖരൻ വിടുന്ന ലക്ഷണമില്ല.
''നിങ്ങൾ രണ്ടുപേരുടെയും സ്വഭാവം എനിക്ക് ശരിക്കറിയാം. നിങ്ങളിൽത്തന്നെ ആരെങ്കിലും ഒരാൾ അത് മാറ്റിയതും ആയിക്കൂടേ?" പരുന്തിന്റെ ചോദ്യം.
''ങ്ഹേ?"
ഇപ്പോൾ കിടാക്കന്മാർക്ക് പരസ്പരം സംശയമായി.
അവരിരുവരും പരസ്പരം തുറിച്ചുനോക്കി.
''ചേട്ടാ..."
ശേഖരൻ അർത്ഥവത്തായി വിളിച്ചു.
''പോടാ. ഞാൻ നിന്നെ ചതിക്കുമോ. പക്ഷേ നീ..."
അവരു തമ്മിലും ഉടക്കുന്ന മട്ടായി.
''നിങ്ങള് തർക്കിക്കാൻ വരട്ടെ. ചന്ദ്രകലയും പ്രജീഷും അകത്തുണ്ടോയെന്ന് നോക്ക്."
പരുന്ത് വീണ്ടും പറഞ്ഞു.
മുറിക്കുള്ളിൽ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ചന്ദ്രകല. അവൾ കരുതിയത് എല്ലാം എടുത്ത് എവിടെയോ ഒളിപ്പിച്ച് പ്രജീഷും മറഞ്ഞിരിക്കുകയാണെന്നാണ്.
''ങ്ഹാ. വാതിൽ തുറക്ക് പരുന്തേ." ശ്രീനിവാസകിടാവ് കൽപ്പിച്ചു.
സംശയത്തോടെ പരുന്ത് വാതിൽ തുറന്നു.
കട്ടിലിൽ ഇരിക്കുകയായിരുന്ന ചന്ദ്രകല ചാടിയെഴുന്നേറ്റു.
പരുന്തിന് ആശ്വാസമായി.
തന്നെ പറ്റിച്ചിട്ട് ഇവർ രണ്ടാളും കൂടി മുങ്ങിയതല്ല. എല്ലാം എടുത്തുമാറ്റിയിട്ട് പ്രജീഷ് തന്നെയും പ്രതീക്ഷിച്ച് ഈ കോവിലകത്തിന്റെ ഏതോ മൂലയിൽ ഒളിച്ചിരിപ്പുണ്ട്.
പരുന്ത് ആഹ്ളാദം ഉള്ളിലൊതുക്കി.
''അവര് ഇതിനകത്ത് ഒണ്ട് സാറമ്മാരേ..."
എന്നിട്ടും കിടാക്കന്മാർ അകത്തുകയറി.
''എന്തിയേടീ പ്രജീഷ്."
''ബാത്ത് റൂമിലാ."
പരുന്തിന് നേർക്ക് കണ്ണയച്ചിട്ട്അവൾ കള്ളം പറഞ്ഞു.
''വിളിക്കെടീ."
ശേഖരൻ കൽപ്പിച്ചു.
''ഇപ്പോഴങ്ങോട്ട് കയറിയതേയുള്ളൂ."
അതുകൊണ്ടെന്താടീ വിളിക്കാൻ പറ്റത്തില്ലേ?"
ശേഖരൻ ബാത്ത് റൂമിനു നേർക്കു നടന്നു. ചന്ദ്രകലയുടെ നെഞ്ചിനുള്ളിൽ ഒരു കുടുക്കം അനുഭവപ്പെട്ടു.
വാതിലിൽ തട്ടി വിളിക്കാൻ ഭാവിച്ച ശേഖരൻ പെട്ടെന്നു കണ്ടു, അത് പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുന്നു!
വെട്ടിത്തിരിഞ്ഞ് ശേഖരൻ ക്രൂരമായി ചിരിച്ചു..
''അകത്തു കയറിയവൻ പുറത്തുനിന്ന് എങ്ങനെയാടീ ലോക്കു ചെയ്യുന്നത്?"
സ്ത്രീസഹജമായ ഒരു കള്ളം പെട്ടെന്ന് ചന്ദ്രകലയുടെ നാവിലെത്തി.
''വാതിലിന്റെ ലോക്ക് അകത്തുനിന്ന് ഇടാൻ പറ്റത്തില്ല. അതുകൊണ്ട് ഞാനിട്ടതാ..."
''ഓഹോ." ശേഖരൻ പുച്ഛിച്ചു. പിന്നെ പരുന്തിനു നേർക്കു തിരിഞ്ഞു.
''പരുന്തേ... തുറന്നു നോക്കിക്കേടാ."'
''അയ്യേ... വല്ലവനും കേറിയ ബാത്ത്റൂം തൊറന്നു നോക്കാനൊന്നും എനിക്കു പറ്റത്തില്ല. സാറ് പറഞ്ഞാൽ അവൻ പുറത്തുവരുമ്പം ഞാൻ കൊന്നുതരാം."
പരുന്ത് മുഖം തിരിച്ചു. കാരണം പ്രജീഷ് അതിനുള്ളിലില്ലെന്ന് അയാൾക്കറിയാം. ചന്ദ്രകലയുടെ നാവിൽ നിന്നെങ്ങാനും എല്ലാം താനും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണെന്ന് ഇവർ അറിഞ്ഞാൽ...
''എങ്കിൽ പിന്നെ ഞാൻ തന്നെ നോക്കാം. ആവശ്യക്കാരൻ ആയിപ്പോയില്ലേ?" കടപ്പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് ശേഖരൻ വാതിൽ തുറന്നു.
അതിന് ഉൾഭാഗം ശൂന്യം!
കോപത്താൽ ശേഖരന്റെ മുഖം ചുവന്നു.
''അകത്തേക്കു കയറിയവൻ ആവിയായി പോയോടീ?"
ശേഖരന്റെ ചോദ്യവും കാലുയർത്തിയുള്ള ചവിട്ടും ഒന്നിച്ചാ യിരുന്നു.
''അയ്യോ..." അടിവയറ്റിൽ ചവിട്ടേറ്റ് ഒരു റബ്ബർ പാവ കണക്കെ ചന്ദ്രകല കട്ടിലിൽ മലർന്നു വീണു.
ശേഖരൻ ചീറി.
''അവനെക്കൂടി ഒന്നു കിട്ടിക്കോട്ടടീ. രണ്ടിനേയും ഈ കോവിലകത്തിനുള്ളിലിട്ട് കത്തിക്കും ഞാൻ. പച്ചയ്ക്ക്. ഒപ്പം ഈ കോവിലകത്തിനും തീയിടും."
കൊടുങ്കാറ്റുപോലെ ശേഖരൻ പുറത്തേക്കിറങ്ങി. പിന്നാലെ ശ്രീനിവാസകിടാവും പരുന്ത് റഷീദും. ചന്ദ്രകലയുടെ വാതിൽ വീണ്ടും അടച്ച് ലോക്കിട്ടു.
''പരുന്തേ. തപ്പെടാ പ്രജീഷിനെ... കണ്ടാൽ ആ നിമിഷം തീർത്തേര്..." ശ്രീനിവാസകിടാവ് നിർദ്ദേശിച്ചു.
തുടർന്ന് മൂവരും ചേർന്ന് കോവിലകത്ത് പരിശോധന തുടങ്ങി.
ആ സമയം....
പ്രജീഷിനെ കയറ്റിയ കാർ ഒരിടത്തുനിന്നു. ഓടിത്തളർന്ന ക്ഷീണത്താൽ ഒന്നു മയങ്ങിപ്പോയ പ്രജീഷ് കണ്ണുകൾ തുറന്നു.
കാറിനരുകിൽ നിൽക്കുന്ന ആളിനെ കണ്ട് അയാൾ നടുങ്ങി വിറച്ചു.
ബലഭദ്രൻ തമ്പുരാൻ!
കണ്ണടയുന്നതുപോലെ കാറിന്റെ ഹെഡ്ലൈറ്റുകൾ അണഞ്ഞു.
പ്രജീഷ്, ഡ്രൈവർക്കു നേരെ നോക്കി.
''നിങ്ങൾ... നിങ്ങളെന്തിനാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്?"
''എവിടേക്കു പോകണമെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ സുഹൃത്തേ..."
ഡ്രൈവർ ചിരിച്ചു.
കരുതിക്കൂട്ടിയാണ് ഇയാൾ തന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് പ്രജീഷിന് ഉറപ്പായി.
ബലഭദ്രൻ തമ്പുരാൻ മുന്നോട്ടു വന്ന് കാറിന്റെ ഡോർ തുറന്നു.
''ഇറങ്ങിവാ പ്രജീഷേ.... നിന്നെ കണ്ടിട്ട് ഒത്തിരിനാളായല്ലോ..."
ചോദിക്കുന്നതിനൊപ്പം തമ്പുരാൻ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് പുറത്തേക്കു വലിച്ചിറക്കി.
ഒരു റബ്ബർ പാവ വലിച്ചെടുക്കുന്ന ലാഘവമായിരുന്നു തമ്പുരാന്.
അയാൾ പ്രജീഷിനെ കാറിലേക്കു ചാരി. ഒരു കാറ്റു വീശി. താൻ എവിടെയെന്ന് അറിയാൻ പ്രജീഷ് ചുറ്റും നോക്കി.
മനസ്സിലായില്ല.
''എന്റെ മകൾ മരിച്ചു. അല്ല കൊന്നു. നീ അറിഞ്ഞോ പ്രജീഷേ?" തമ്പുരാന്റെ ചോദ്യത്തിലെ മരണത്തിന്റെ ഗന്ധം അയാൾ തിരിച്ചറിഞ്ഞു.
(തുടരും)