തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. തുടർന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി. മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് നിയമസഭ പാസാക്കിയതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണിതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഒ.രാജഗോപാല്‍ എം.എൽ.എ മാത്രമാണ് പ്രമേയത്തെ എതിർത്തത്.
പൗരത്വ നിയമ ഭേദഗതി നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തിൽ തെറ്റായ സന്ദേശമാണ് ഉയർത്തിയത്. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്‍റേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെൻസസ് പ്രവർത്തനങ്ങൾ. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ പ്രകാരം സെൻസസ് നടപടികൾ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.-മുഖ്യമന്ത്രി പറഞ്ഞു.