രാജ്യാതിർത്തികൾ അപ്രസക്തമാക്കി ലോകമെമ്പാടും വ്യാപരിച്ചിട്ടുള്ള മലയാളിയുടെ പ്രതിനിധികൾ ജന്മനാട്ടിൽ ഒത്തുചേരുന്ന സന്ദർഭമാണിത്. 2020 ലെ പുതുവർഷപ്പുലരിയിൽ തന്നെ ലോകകേരള സഭയുടെ രണ്ടാമത് സമ്മേളനം ചേരാൻ കഴിയുന്നു എന്നത് സന്തോഷകരമാണ്. പ്രവാസി സമൂഹത്തിനും അതുവഴി നമ്മുടെ നാടിനും പ്രയോജനപ്പെടും വിധമുള്ള ഒരു പ്ലാറ്റ്ഫോമായി ലോക കേരളസഭയെ മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവുമായാണ് ഈ വർഷത്തെ സമ്മേളനം ചേരുന്നത്.
ലോക കേരളസഭയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. നാടിന്റെയും ജനതയുടെയും പൊതുതാത്പര്യത്തിലുള്ളതും ഓരോ വ്യക്തിക്കും ഗുണകരമാകുന്നതുമായ വിധത്തിലുള്ള ആശയ-വിഭവ കൈമാറ്റങ്ങൾക്കുള്ള വേദി, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം അവർക്കുകൂടി പ്രയോജനം ഉറപ്പാക്കുന്ന വിധത്തിൽ നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം, പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്വം കൃത്യമായും നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനം എന്നിവയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകകേരളസഭ വഴി സാദ്ധ്യമാക്കാനായി എന്നത് അഭിമാനകരമാണ്. ലോകകേരള സഭയെ ഒരു ഔപചാരിക വേദിയായോ അലങ്കാരവേദിയായോ അല്ല എൽ.ഡി.എഫ് സർക്കാർ വിലയിരുത്തുന്നത്. കാമ്പും കഴമ്പുമുള്ള, പറഞ്ഞതു പ്രവർത്തിക്കുന്ന, പ്രായോഗിക വേദിയാണത്.
അതിനു തെളിവാണ് ഒന്നാം സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്നായ ലോകകേരള സഭാ സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. മാത്രമല്ല, അതിന്റെ ഭാഗമായി ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ കൂടി രൂപീകരിച്ച്, അവയുടെ നിർദ്ദേശങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കാനും കഴിഞ്ഞു. നമ്മുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തിന് തുല്യമായ തുകയാണ് പ്രവാസി സമൂഹം പ്രതിവർഷം നാട്ടിലേക്ക് അയയ്ക്കുന്നത്. ഇത് ചിന്നിച്ചിതറി പാഴായിപ്പോകുന്ന അവസ്ഥ അവസാനിപ്പിക്കാനുള്ള ഇടപെടലെന്ന നിലയിലാണ് ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചത്. പ്രവാസികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും ബാക്കി 26 ശതമാനം സർക്കാർ തന്നെ നൽകിയുമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. നാടിനും പ്രവാസികൾക്കും ഒരുപോലെ ഗുണകരമാകുന്ന വികസന നിക്ഷേപം ഒരുക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്.
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായിചർച്ച ചെയ്യാനും കൃത്യമായ പരിഹാരം ഉറപ്പുവരുത്താനും ഒരു പൊതുവേദിയെന്ന നിലയിൽ ലോക കേരളസഭ വലിയ പങ്കാണ് നിർവഹിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം പകർന്നിട്ടുണ്ട്. അത്രമാത്രം കെട്ടുറപ്പോടെയാണ് ലോകകേരളസഭയുടെ പ്രവർത്തനം. ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അയച്ചിട്ടുള്ള രാജ്യം ഇന്ത്യയാണ്.
1.8 കോടി ഇന്ത്യക്കാർ കുടിയേറ്റക്കാരായി, പ്രവാസികളായി വിദേശത്ത് കഴിയുന്നു. ആഗോളവത്കരണം ഒരു വശത്ത് അതിരുകളെ മറികടന്നുള്ള മൂലധന ഒഴുക്ക് അനുവദിക്കുമ്പോൾ തന്നെ, അതിരുകടന്ന് തൊഴിലാളിയുടെ യാത്രയെ പലവിധത്തിൽ കർക്കശമായി നിയന്ത്രിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആതിഥേയ സ്ഥാനം ഗൾഫ് നാടുകളാണ്. അവിടുത്തെ എണ്ണ ഉത്പാദനം, എണ്ണവില, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അവിടങ്ങളിലെ പ്രവാസി ജീവിതത്തെ ഇനിയുള്ള കാലം എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠ നമുക്കുണ്ട്. വിസാ നിയന്ത്രണങ്ങൾ പോലുള്ളവ സംബന്ധിച്ച ആശങ്കകളുമുണ്ട്. പ്രവാസ നാടുകളിൽ മലയാളികൾ എത്രത്തോളം പ്രിയങ്കരരാണ് എന്നതിന്റെ തെളിവായിരുന്നു രണ്ടു പ്രളയകാലത്ത് രാജ്യാതിർത്തികൾക്കപ്പുറത്തു നിന്നും നമ്മെ തേടിയെത്തിയ സാന്ത്വനത്തിന്റെയും സ്നേഹാന്വേഷണത്തിന്റെയും ആധിക്യം. പ്രളയം നാടിനുണ്ടാക്കിയ കൊടിയ നഷ്ടത്തിൽ കണ്ണീരൊപ്പിക്കൊണ്ട് കേരളത്തിനൊപ്പം നിന്നു ലോകകേരളസഭയും ലോക മലയാളി സമൂഹവും.
തുടർഘട്ടത്തിൽ ആളും അർത്ഥവും കൊണ്ടു സഹായമെത്തിക്കാനും കൂടെനിന്നു. ജനതയുടെ ഐക്യത്തെയും രാജ്യത്തിന്റെ നിലനിൽപ്പിനെയും വരെ അപകടത്തിലാക്കും വിധത്തിൽ മതാധിഷ്ഠിതമായി പൗരത്വത്തെ വേർതിരിക്കുന്ന വിപൽകരമായ ഒരു കാലത്തിലെത്തി നിൽക്കുകയാണു നമ്മൾ. പൗരത്വ നിയമവും മറ്റും മുമ്പും ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ ഇപ്പോഴത്തെ ഭേദഗതി വ്യത്യസ്തമാവുന്നത്, പൗരത്വത്തിന് മതം അടിസ്ഥാന മാനദണ്ഡമാക്കുന്നു എന്നിടത്താണ്. ഇതാകട്ടെ, ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന പറയുന്നത്, മതപരമായ വേർതിരിവില്ലാത്ത തുല്യതയെക്കുറിച്ചാണ്. അതിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്റർ പുതുക്കലും. ലോകത്തിന്റെ ഏതു ഭാഗത്ത് ഏതൊരാൾക്ക് മർദനമേറ്റാലും, ഏതു വിമോചനപ്പോരാട്ടം അടിച്ചമർത്തൽ നേരിട്ടാലും നമുക്കു വേദനിക്കും. 21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. അതിനു യോജിക്കുന്ന സംവിധാനങ്ങളും സാമൂഹിക സാഹചര്യങ്ങളും സമാധാനവും സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലെമ്പാടും ഉണ്ടാവണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഉൾക്കരുത്തുള്ള ഭാവികേരളം കെട്ടിപ്പടുക്കാനുള്ള ഈ വേദി ലോകമെമ്പാടുമുള്ള അറിവുകളാൽ കൂടി സമ്പന്നമാണ്. അതൊക്കെ നമ്മുടെ നാടിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ സാധിക്കണം. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ലോകകേരള സഭയുടെ പ്രവർത്തനങ്ങളോടൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേരുന്നു.