dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി കൊച്ചിയിലെ വിചാരണ കോടതി പരിഗണിക്കുന്നു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം കേൾക്കുന്നത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യമാക്കരുതെന്ന് കോടതി നിർദേശം നൽകി.

കുറ്റപത്രത്തിൻമേലുള്ള പ്രതിഭാഗത്തെ പ്രാരംഭവാദമാണ് കോടതിയിൽ പുരോഗമിക്കുന്നത്. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിട്ടുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

അതേസമയം ലൊക്കേഷനിൽ അഭിനയിക്കാനെത്തുന്ന നടിമാർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇത് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം വേണമെന്നും സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി വൈകീട്ട് നാലോടെയാണ് റിപ്പോർട്ട് സമർപ്പിക്കുക. തൊഴിൽ പ്രശ്നങ്ങളെപ്പറ്റി പ്രതികരിക്കുന്നതിന്റെ പേരിൽ നടിമാരെ സിനിമകളിൽ നിന്ന് അകറ്റി നിറുത്തുന്നത് കലയോടുള്ള അവഹേളനമാണെന്നും റിപ്പോർട്ടിലുള്ളതായി അറിയുന്നു.

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മിഷനെ സർക്കാർ നിയമിച്ചത്. കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണം ഉണ്ടായശേഷമായിരുന്നു സംസ്ഥാന സർക്കാർ കമ്മിഷനെ വച്ചത്. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. ജസ്റ്റിസ് ഹേമക്ക് പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.