മുംബയ്: മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ വികസനത്തിൽ തഴയപ്പെട്ട സീനിയർ നേതാക്കൾ ഉൾപ്പെടെയുള്ള കോൺഗ്രസ് എം.എൽ.എമാരിൽ അതൃപ്തിയും അമർഷവും പുകയുന്നു.ആദിത്യ താക്കറെ, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവരടക്കം 36 പേരെ ഉൾപ്പെടുത്തി തിങ്കളാഴ്ചയാണ് മന്ത്രിസഭ വിപുലീകരിച്ചത്.വിശ്വസ്തരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സീനിയർ നേതാവായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെ ആറ് എം. എൽ.എമാരാണ് രംഗത്തു വന്നിട്ടുള്ളത്. ചവാന്റെ നേതൃത്വത്തിൽ നസീം ഖാൻ, പ്രണിതി ഷിൻഡെ, സംഗ്രാം തോപ്തെ, അമിൻ പട്ടേൽ, റോഹിദാസ് പാട്ടിൽ എന്നിവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള സീനിയർ നേതാവ് മല്ലികാർജുൻ ഖാർഗെയെ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്നലെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസിൽ നിന്ന് അശോക് ചവാൻ, ദീലീപ് വൽസെ പാട്ടീൽ, സുനിൽ ഛത്രപാൽ ഖേദാർ, കെ.സി.പദ്‌വി എന്നിവരടക്കം 12 പേരാണ് മന്ത്രിമാരായത്. ഇവരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം വകുപ്പുകൾ നൽകുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്.
എൻ.സി.പി എം.എൽ.എ രാജി വച്ചു
മന്ത്രിസഭാ വികസനത്തിൽ പല നേതാക്കളും തൃപ്തരല്ല എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കി രാജിവച്ചു. ബീഡ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയ അദ്ദേഹം ഇന്നലെ സ്പീക്കർക്ക് രാജി സമർപ്പിച്ചു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനാലാണ് രാജിയെന്ന ആരോപണം അദ്ദേഹം തള്ളി. എന്നാൽ മന്ത്രിസഭാ വികസനത്തോടെ രാഷ്ട്രീയപ്രവർത്തനത്തിന് താൻ അയോഗ്യനാണെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞത് നേതാക്കളുടെ അതൃപ്തിയിലേക്ക് വിരൽചൂണ്ടുന്നു. ഇനി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പൂർണമായും മാറി നിൽക്കാനാണ് പ്രകാശിന്റെ തീരുമാനം. പാർട്ടി നേതാക്കളുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തീരുമാനം എൻ.സി.പി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയിലും അസ്വാരസ്യമോ?
മുംബയ്:∙ മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി ശിവസേനയ്ക്കുള്ളിൽ തന്നെ അതൃപ്തി. ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ ഇന്നലത്തെ എഡിറ്റോറിയലിൽ ഉദ്ധവ് താക്കറെയുടെ ടീമിൽ യഥാർത്ഥ ശിവസൈനികർ ഇല്ലെന്ന പരിഭവമുണ്ട്. സേന നയിക്കുന്ന മഹാസഖ്യത്തെ പിന്തുണയ്ക്കുന്നതിന് സ്വതന്ത്ര എം. എൽ.എമാരെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കുറിപ്പിലുണ്ട്. സേനയുടെ എം.എൽ.എമാരായ തനാജി സാവന്ത്, സുനിൽ പ്രഭു, ഭാസ്കർ ജാദവ് എന്നിവരും മന്ത്രിസഭാ വികസനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. താക്കറെയുടെ അടുത്തയാളായ രവീന്ദ്ര വൈക്കർ പോലും മന്ത്രിമാരുടെ പട്ടികയിൽ ഇല്ലാതിരുന്നത് അൽഭുതമായി. സത്യപ്രതിജ്ഞയിൽ നിന്ന് മുതിർന്ന നേതാവ് സഞ്ജയ് റൗട്ട് വിട്ടുനിന്നതും ചർച്ചയ്ക്ക് വഴിവച്ചു. എൻ.സി.പി - കോൺഗ്രസ് - സേന സഖ്യ സർക്കാർ രൂപീകരിച്ചതിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായിരുന്നു റൗട്ട്. മന്ത്രിസഭയിലേക്ക് അദ്ദേഹത്തിന്റെ സഹോദരനായ സുനിൽ റൗട്ടിനെ ഉൾപ്പെടുത്താത്തതിന്റെ നീരസമാകാം കാരണമെന്നും അഭ്യൂഹമുണ്ട്.