ഹൈദരാബാദ്: അഞ്ച് വർഷം മുൻപ് പതിമ്മൂന്നാം വയസിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന റെക്കാർഡിട്ട മലവത്ത് പൂർണ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസന്റ് മാസിഫും കീഴടക്കി. ഏകദേശം16,500 അടിയാണ് ( 4987 മീറ്റർ ) മാസിഫ് കൊടുമടിയുടെ ഉയരം.
ഇതോടെ ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള ആറ് കൊടുമുടികളും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ ഗോത്രവർഗ്ഗ പെൺകുട്ടി എന്ന റെക്കാർഡും പൂർണ സ്വന്തമാക്കി.
എവറസ്റ്റ് ( ഏഷ്യ, 2014 ) മൗണ്ട് കിളിമഞ്ചാരോ ( ആഫ്രിക്ക, 2016 ), മൗണ്ട് എൽബ്രുസ് ( യൂറോപ്പ്, 2017 ), മൗണ്ട് അക്കോണകാഗ്വ ( തെക്കേ അമേരിക്ക, 2019 ),മൗണ്ട് കാർട്ട്സ്നെസ് ( ഓഷ്യാനിയ, 2019) , മൗണ്ട് വിൻസൻ മാസിഫ് ( അന്റാർട്ടിക്ക, 2019 ) എന്നിവയാണ് പൂർണ കീഴടക്കിയ മഹാകൊടുമുടികൾ.
തെലങ്കാനയിലെ നിസാമബാദ് ജില്ലിലെ ആദിവാസി മേഖലയായ പക്കാലയാണ് പൂർണയുടെ സ്വദേശം. കർഷകത്തൊഴിലാളികളാണ് മാതാപിതാക്കൾ. ആദിവാസികളുടെ വിദ്യാഭ്യാസേതര പ്രവർത്തനങ്ങളുടെ ചുമതലയുള്ള സെക്രട്ടറി ആർ. എസ് പ്രവീൺകുമാർ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ പിന്തുണയോടെ ആവിഷ്കരിച്ച, ക്ലാസ്മുറിക്ക് പുറത്തുള്ള പാഠ്യേതര പ്രവർത്തനങ്ങളാണ് പൂർണയെ ഈ ആഗോള പർവതാരോഹണ ചരിത്രത്തിലെ തന്നെ ഉജ്ജ്വല നേട്ടത്തിന് അർഹയാക്കിയത്. അന്റാർട്ടിക്കൻ കൊടുമുടി കയറാൻ സംസ്ഥാനസർക്കാരും ട്രാൻസെന്റ് അഡ്വഞ്ചേഴ്സ് എന്ന സംഘടനയും പൊതുജനങ്ങളുമാണ് പൂർണയെ സാമ്പത്തികമായി സഹായിച്ചത്.
ഗ്ലോബൽ അണ്ടർഗ്രാഡ്വേറ്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി അമേരിക്കയിലെ മിന്നസോട്ട യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയാണ് 18കാരിയായ പൂർണ. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് ദേനാലി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് പൂർണ ഇപ്പോൾ.