europe

ഡിട്രോയിറ്റ്: കേര നിരകളാടും ഒരു ഹരിത ചാരു തീരം, പുഴയോരം കള മേളം, കവിത പാടും തീരം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഓർമ്മകൾ നെഞ്ചിലേറ്റി, അമേരിക്കൻ ഐക്യ നാടുകളിലെ, വടക്ക്-കിഴക്കൻ സംസ്ഥാനമായ മിഷിഗണിൽ കുടിയേറിയ ഒരു ചെറിയ കൂട്ടം മലയാളികൾ 1980-ൽ ആരംഭിച്ച മലയാളി സാംസ്ക്കാരിക സംഘടനയാണ് ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ (ഡി. എം. എ.). നാല്പത് വർഷങ്ങൾക്കിപ്പുറം, അമേരിക്കയിലും നാട്ടിലുമൊക്കെയായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും, മലയാള ഭാഷയുടെ ഉന്നമനത്തിനായും പ്രവർത്തിക്കുകയും, പുതു തലമുറയെ ദൈവത്തിന്റെ സ്വന്ത നാടിനേയും, അതിന്റെ സംസ്ക്കാരത്തേയും പരിചയപ്പെടുന്നതിലൂടെയും മാതൃകയായി, മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായി ഡി.എം.എ. വളർന്നു.

കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയകാലത്ത് ഏകദേശം ഒരു ലക്ഷം ഡോളർ ($100,000/-) സംഭാവനയായി പരിച്ചെടുത്ത്, നാട്ടിൽ, എല്ലാം നഷ്ടപ്പെട്ട നിരവധി പേർക്ക് വീടുകളും, നിത്യ വൃത്തിക്കായി കടകളും, പശുക്കളും തുടങ്ങി, ഓട്ടോ റിക്ഷ വരെ സംഘടന വാങ്ങി നൽകി. ഈ ചാരിറ്റി പ്രവർത്തനങ്ങൾ തുടരാനും, നാല്പതാം വാർഷികോത്സവം അഘോഷമാക്കുവാനുമാണ് സംഘടനയുടെ 43 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയുടെ കൂട്ടായ തീരുമാനം. അതിനായി സുശക്തമായ ഒരു നേതൃത്വ നിരയെയാണ് സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡി. എം. എ. ചാരിറ്റി ചെയർമാനായി പ്രവർത്തിച്ച രാജേഷ് കുട്ടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.എ.യുടെ മുൻ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ കൂടായ്മയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ. എച്ച്. എൻ. എ.) ജനറൽ സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനങ്ങൾ, സംഘടനാ പ്രവർത്തനത്തിൽ അദ്ദേഹത്തിന് കൈമുതലായി ഉണ്ട്.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കൊണ്ടൂർ ഡേവിഡ്, വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനത്തിൽ സജീവമാകുകയും, നോർത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ കമ്പത്ത്, സൗമ്യതയുടെ മുഖമുദ്രയുമായി ഡി.എം.എ.യുടെ ജോയിന്റ് ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി സാംസ്ക്കാരിക നേതാവാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യൂസ് ചെരിവിൽ, നിരവധി തവണ ഡി.എം.എ.യുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും, അവിഭക്ത ഫൊക്കാനയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ, നോർത്ത് അമേരിക്കൻ മലയാളി സാംസ്ക്കാരിക സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ജുഡിഷ്യൽ കൗൺസിൽ ചെയർമാനായും പ്രവർത്തിക്കുന്നു. ജോയിൻറ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് യുവത്വത്തിന്റെ പ്രതീകമായ നൊവിൻ മാത്യൂവാണ്. ഡി.എം.എ.യുടെ കമ്മറ്റിയംഗമായ ജൂൾസ് ജോർജാണ് ജോയിന്റ് ട്രഷറാർ. ബോർഡ് ഓഫ് ട്രസ്റ്റിയിൽ (ബി.ഒ.ടി.) ചെയർമാനായി ഡി.എം.എ.യുടെ സ്ഥാപക നേതാക്കളിലൊരാളായ തോമസ് കർത്തനാളാണ്, സെക്രട്ടറിയായി റോജൻ തോമസ്, വൈസ് പ്രസിഡന്റായി സുദർശന കുറുപ്പ്, 2019 പ്രസിഡന്റ് മനോജ് ജയ്ജി, 2020 പ്രസിഡന്റ് രാജേഷ് കുട്ടി എന്നിവരേയും തിരഞ്ഞെടുത്തു. സംഘടനയുടെ സുശക്തമായ നടത്തിപ്പിന് മുൻ പ്രസിഡന്റ്മാരും ഇപ്പോളത്തെ പ്രസിഡന്റും ഉൾപ്പെടുന്നതാണ് ബി.ഒ.ടി. യുവതികൾക്കായിട്ടുള്ള പ്രത്യേക കമ്മറ്റിയിൽ പ്രസിഡന്റായി സലീന തോമസ്, സെക്രട്ടറിയായി സിനി ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ, നീമാ ജോസഫിന്റെയും, റെനി തോമസ്സിന്റെയും നേതൃത്വത്തിൽ പാചക ക്ലാസ്സുകൾ, അൻപതോളം നിർധനർക്ക് തണുപ്പിൽ നിന്നും രക്ഷ നേടാൻ കോട്ടുകൾ, 6 കുടിയേറ്റ സ്ത്രീകൾക്ക് വേയ്ൻ കമ്മ്യൂണിറ്റി കോളേജിൽ ഇംഗ്ലീഷ് പഠിക്കാൻ സാമ്പത്തിക സഹായം, ഫുഡ് ക്യാൻ വിതരണം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചെയ്യാനായിരുന്നു. ഈ വർഷം കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പരിശ്രമിക്കുമെന്ന് വുമൺസ് ഫോറം പ്രതിനിധികൾ പറഞ്ഞു. വരുന്ന ഒരു വർഷം മിഷിഗണിലെ, പ്രത്യേകിച്ച് മലയാളികൾക്കായി സേവനം ചെയ്യുവാനും, കൂടാതെ വിവിധ സ്ക്കൂളിലെ കുട്ടികൾക്കായി ഡാൻസ് മത്സരം - ഡി.എം.എ. ഡാൻസ് ധമാക്കാ, ഓണം, പിക്നിക്ക്, ഫാമിലി ഫിയസ്റ്റ, ക്രിസ്തുമസ് എന്നിവയ്ക്കൊപ്പം നാല്പതാം വാർഷികോത്സവവും നടത്താനാണ് ആഗ്രഹിക്കുന്നത് എന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികൾക്ക് പൂർണ്ണ പിന്തുണയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി 2019 ഡി.എം.എ. പ്രസിഡന്റ് മനോജ് ജയ്ജിയും ബി.ഒ.ടി. ചെയർമാൻ തോമസ് കർത്തനാളും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: രാജേഷ് കുട്ടി 313 529 8852, വിനോദ് കൊണ്ടൂർ 313 208 4952, ശ്രീകുമാർ കമ്പത്ത് 313 550 8512, മാത്യൂസ് ചെരുവിൽ 586 206 6164, ജൂൾസ് ജോർജ് 734 925 0020, നൊവിൻ മാത്യൂ 248 767 0279. വിനോദ് കൊണ്ടൂർ ഡേവിഡ്.