ചെന്നൈ: പൗരത്വ ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ പട്ടാളി മക്കൾ കക്ഷി. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. മറ്റൊരു രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്‌നാട്. സി.എ.എയും എൻ.ആർ.സിയും തമിഴ്‌നാട്ടിൽ നടപ്പാക്കേണ്ട കാര്യമില്ല. ഇവിടെ ഇത് നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പാർട്ടി പ്രമേയത്തിൽ വ്യക്തമാക്കി. പി.എം.കെ എം.പിയായ അൻപുമണി രാംദാസ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രാജ്യസഭയിൽ വോട്ടു ചെയ്തിരുന്നു. നിയമം പാസാക്കിയ ശേഷം വലിയ പ്രക്ഷോഭങ്ങളാണ് തമിഴ്‌നാട്ടിൽ നടന്നത്. ഇതിന് പിന്നാലെയാണ് പട്ടാളി മക്കൾ കക്ഷി ഈ വിഷയത്തിൽ ഇപ്പോൾ നിലപാട് തിരുത്തിയത്.