muslims

ന്യൂഡൽഹി: അയൽരാജ്യങ്ങളിൽ വച്ച് പീഡനങ്ങൾ നേരിട്ടവരാണെങ്കിലും അനധികൃതമായി ഇന്ത്യയിലേക്ക് വരുന്ന മുസ്ലീങ്ങളോട് മനുഷ്യത്വം കാണിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുനിൽ ദിയോധർ. ഇന്ത്യയെ ധർമ്മശാലയാക്കാനായി അനുവദിക്കില്ലെന്നും സുനിൽ പറഞ്ഞു. 'ദ ഹിന്ദു' പത്രത്തെ ഉദ്ധരിച്ച് 'ദ വയർ' ഓൺലൈൻ വാർത്താ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലെ ആനന്ദ്പൂരിൽ വച്ചാണ് സുനിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

'മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും വരുന്ന മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനമില്ല. അവർക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുമില്ല. തങ്ങളുടെ ഭൂരിപക്ഷ ജനതയെ നോക്കേണ്ടത് പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണ് ഇന്ത്യയിൽ പൗരത്വത്തിന് പരിഗണിക്കുക.' സുനിൽ പറഞ്ഞു.

പൗരത്വ നിയമഭേദഗതി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ശുപാർശ ചെയ്തിരുന്നതാണെന്നും എന്നാൽ അത് ഇതുവരെ യാഥാർത്ഥ്യമാകാത്തതാണെന്നും ബി.ജെ.പി നേതാവ് പറയുന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ആവശ്യപ്പെട്ടിരുന്നതും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്നാണെന്നും എന്നാൽ അതൊരിക്കലും സംഭവിച്ചിട്ടില്ലെന്നും സുനിൽ അവകാശപ്പെടുന്നു.

അസമിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായ തരുൺ ഗോഗോയി ഇക്കാര്യം ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കത്തയച്ചിരുന്നതായും പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള യോഗി സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും സുനിൽ ദിയോധർ പറയുന്നു.