army

ന്യൂഡൽഹി:പാകിസ്ഥാൻ ഭീകരപ്രവർത്തനം നിറുത്തിയില്ലെങ്കിൽ ഭീകരഭീഷണി ഒഴിവാക്കാൻ ഭീകരരുടെ ഉറവിടം ആക്രമിക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് പുതിയ കരസേനാ മേധാവിയായി ചുമതലയേറ്റ ജനറൽ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകരപ്രവർത്തനത്തിന് കടുത്ത ശിക്ഷ നൽകാനുള്ള തന്ത്രത്തിന് സൈന്യം രൂപം നൽകിയിട്ടുണ്ടെന്നും പി. ടി. ഐയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.

തങ്ങൾ സ്പോൺസർ ചെയ്യുന്ന ഭീകരപ്രവർത്തനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ അമ്പേ പരാജയമാണ്. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം കാശ്മീരിലെ സ്ഥിതി വളരെ മെച്ചപ്പെട്ടു. ഇന്ത്യ ഭീകരരെ ഉന്മൂലനെ ചെയ്യുകയും ഭീകരരുടെ ശൃംഖല തകർക്കുകയും ചെയ്‌തത് പാകിസ്ഥാന്റെ നിഴൽയുദ്ധ തന്ത്രങ്ങൾക്ക് തിരിച്ചടിയായി. പാകിസ്ഥാൻ നടത്തുന്ന ഏത് ഭീകരാക്രമണത്തിനും തിരിച്ചടി നൽകാൻ ബഹുമുഖ തന്ത്രങ്ങളാണ് ഇന്ത്യൻ സേന തയ്യാറാക്കിയിട്ടുള്ളത്. ചൈനയുമായുള്ള 3,500കിലോമീറ്റർ അതർത്തിയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും ജനറൽ നരവനെ പറഞ്ഞു.

ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം സേനയിൽ വലിയ പരിഷകാരങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.