jammu-kashmir

ശ്രീനഗർ: പുതുവർഷത്തോട് അനുബന്ധിച്ച് ജമ്മു കാശ്മീരിൽ എസ്.എം.എസ് അയയ്ക്കാനുള്ള സൗകര്യങ്ങൾ ചൊവ്വാഴ്‌ച രാത്രി മുതൽ ലഭ്യമാകും.

പ്രദേശത്തെ സർക്കാർ ആശുപത്രികളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി താഴ്‌വരയിൽ ഇന്റർനെറ്റ് കണക്ഷൻ സൗകര്യമില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് താഴ്‌വരയിൽ ഇന്റർനെറ്റ് സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. താഴ്‌വരയിൽ പലയിടത്തും ഇപ്പോഴും സൈന്യത്തിന്റെ കാവലുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ മൊബൈൽ സേവനങ്ങൾ താത്‌കാലികമായി നിറുത്തിവയ്ക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ടെലികോം അധികൃതർ മൊബൈൽ സേവന ദാതാക്കൾക്ക് നിർദേശം നൽകി. പൗരത്വ വിഷയം വിവാദമായതോടെ ഇന്ത്യൻ മുസ്ലിങ്ങൾ രാജ്യത്ത് എത്തുമോ എന്ന സംശയം മൂലമാണ് ബംഗ്ലാദേശിന്റെ നടപടിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.