ന്യൂഡൽഹി: ഭീകരത ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്ഥാനെന്ന് പുതിയ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ഭീകരരെ മുൻനിർത്തിയുള്ള പാകിസ്ഥാന്റെ നിഴൽ യുദ്ധത്തെ നേരിടാൻ ഇന്ത്യ തയ്യാറാണെന്നും കരസേന മേധാവി കൂട്ടിച്ചേർത്തു. എപ്പോഴും ഇത് തുടരാനാകില്ല, അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നിരന്തരം വെടിനിർത്തൽ ലംഘനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം എല്ലാം നിരീക്ഷിച്ചുവരികയാണ്. മറുവശത്തു തീവ്രവാദികൾ നുഴഞ്ഞുകയറാന്‍ തയ്യാറായി നിൽക്കുകയാണ്, ഇത് ഞങ്ങൾക്കറിയാം. ഇന്ത്യൻ സൈന്യം തയ്യാറാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കാശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സംയുക്ത സേനാ മേധാവിയായി നാളെ ചുമതലയേൽക്കുന്ന ജനറൽ ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനത്തും നിന്നും പടിയിറങ്ങി.
ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി ജനറൽറാവത്ത് പുതുവർഷ ദിനത്തിൽ ചുമതലയേൽക്കും. പാക്കിസ്ഥാനെയും ചൈനയെയും നേരിടാൻ സൈന്യം കൂടുതൽ സജ്ജമായെന്നും സംയുക്ത മേധാവിയെന്ന നിലയിൽ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.