saqafi

പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിയമത്തെക്കുറിച്ചുള്ള തന്റെയും തന്റെ ഉമ്മയുടെയും ആശങ്കകൾ പങ്കുവച്ചുകൊണ്ട് സുന്നി മതവിഭാഗം നേതാവ് സുലൈമാൻ സഖാഫി മാളിയേക്കൽ തന്റെ ഉമ്മയുമായി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് സഖാഫിയുടെ കുറിപ്പ്. പ്രായമായ കാലത്ത് ജയിലിൽ പോയി കിടക്കേണ്ടി വരുമോ എന്നും 'മുസ്ലീങ്ങളെ പുറത്താക്കിയ നിയമം' ഇങ്ങോട്ടും വരുമോ എന്ന് ചോദിക്കുന്ന ഉമ്മയോട് 'കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നും ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും' സഖാഫി പറയുന്നതാണ് കുറിപ്പ്. തന്റെ വാക്കുകൾ കേട്ട് ഉമ്മ പേടികൂടത്തെ ഉറങ്ങിയെന്നും ഇദ്ദേഹം പറയുന്നു.

സുലൈമാൻ സഖാഫി മാളിയേക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:
"ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലിൽ കടന്ന് മരിക്കേണ്ടി വരുമോ?" ഉമ്മയോട് ഒന്നും പറയാനില്ല. അവർ ജനിച്ചത് ഏകദേശം 1944ൽ. പാസ്പോർട്ടുണ്ട്. വോട്ടർ ഐഡി ഉണ്ട്. റേഷൻ കാർഡിൽ പേരുണ്ട്. പക്ഷേ, ഇന്ത്യൻ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. "44ലെ ജനന സർട്ടിഫിക്കറ്റുണ്ടോ?" ഞാൻ ഉമ്മയോട് ചോദിച്ചു. അവർ കൈമലർത്തി. "അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ"...

അതായത്, ജനനം തെളിയിക്കാനാകാത്തതിനാൽ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്നമാണോ? അല്ല. അമ്മമാരുടേയും പ്രശ്നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല. "മനേ, അപ്പോ, മുസ്ലീങ്ങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?" ഞാൻ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്. അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാൻ പറഞ്ഞു: "ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി.
ജയ് ഹിന്ദ്.

#കേരളംഒറ്റക്കെട്ട്
#ഇന്ത്യഅതിജയിക്കും'